കൊച്ചി: സൂര്യാസ്തമനത്തിന് ശേഷം ദേശീയപതാക താഴ്ത്താതിരിക്കുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി. 2015 ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനത്തില്‍ ഉയര്‍ത്തിയ പതാക ആഗസ്റ്റ് 17 ഉച്ചവരെ താഴ്ത്തിയില്ലെന്ന് ആരോപിച്ച് അങ്കമാലി മുന്‍സിപ്പാലിറ്റി സെക്രട്ടറിയായിരുന്ന വിനു സി കുഞ്ഞപ്പനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. സൂര്യാസ്തമനത്തിന് പതാക താഴ്ത്താത്തത് മാത്രം ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതിന്റെ പരിധിയില്‍ വരില്ലെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിധി പറയുന്നു. ദേശീയപതാകയെ അപമാനിക്കാനോ ബഹുമാനമില്ലാതെ പെരുമാറാനോ ഉദ്ദ്യേശിച്ചാല്‍ മാത്രമേ കുറ്റം വരൂ. ഈ സംഭവത്തില്‍ ആരോപണവിധേയന് അങ്ങനെയൊരു ലക്ഷ്യമില്ലായിരുന്നു. അതിനാല്‍ പോലിസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്ന് കോടതി വിശദീകരിച്ചു.