വ്യാജ പരാതിക്കാര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ പോലിസിനെതിരേ നടപടിയെടുക്കണം: അലഹബാദ് ഹൈക്കോടതി
അലഹബാദ്: വ്യാജപരാതിക്കാര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ പോലിസിനെതിരേ നടപടിയെടുക്കണമെന്ന് അലഹബാദ് ഹൈക്കോടതി. വാറന്റില്ലാ കുറ്റങ്ങളെ കുറിച്ച് പരാതി ലഭിക്കുമ്പോള്‍ തന്നെ യാന്ത്രികമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ശരിയല്ലെന്നും അന്വേഷണത്തില്‍ ആരോപണം തെറ്റാണെന്ന് കണ്ടാല്‍ വ്യാജ പരാതിക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ജസ്റ്റിസ് പ്രവീണ്‍ കുമാര്‍ ഗിരി പറഞ്ഞു. വിവാഹബന്ധം വേര്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു യുവതിക്കെതിരേ മുന്‍ ഭര്‍ത്താവ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനക്ക് എത്തിയത്.
മുന്‍ ഭര്‍ത്താവിന്റെ പരാതി വ്യാജമാണെന്നാണ് പോലിസ് റിപോര്‍ട്ട്. എന്നാല്‍, പോലിസ് റിപോര്‍ട്ടിനെതിരേ അയാള്‍ സിജെഎം കോടതിയില്‍ പരാതി നല്‍കി. ഇത് പരിശോധിച്ച സിജെഎം കോടതി പോലിസിന്റെ റിപോര്‍ട്ട് തള്ളി. തുടര്‍ന്ന് വിചാരണയ്ക്ക് നിര്‍ദേശിച്ചു. ഇതിനെ ചോദ്യം ചെയ്ത് യുവതി നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വാറന്റില്ലാ കുറ്റങ്ങള്‍ അടങ്ങിയ കേസുകളിലെ പോലിസ് റിപോര്‍ട്ടിനെ പരാതിയായി കാണണമെന്നാണ് നിയമം പറയുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥനാണ് അതിലെ പരാതിക്കാരനെന്നും കോടതി വിശദീകരിച്ചു. പോലിസ് റിപോര്‍ട്ട് പ്രകാരം, കേസ് വ്യാജമാണെങ്കില്‍ പരാതി നല്‍കിയ ആള്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് ഉദ്യോഗസ്ഥന് ബാധ്യതയുണ്ട്. വ്യാജ വിവരങ്ങള്‍ നല്‍കിയവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കല്‍ ഉദ്യോഗസ്ഥന്റെ ബാധ്യതയാണ്. അങ്ങനെ ചെയ്യാത്ത പക്ഷം, ആ ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസോ വകുപ്പു തല നടപടിയോ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
