''പ്രണയ പരാജയം കുറ്റകൃത്യമല്ല'' ; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് റദ്ദാക്കി ഒഡീഷ ഹൈക്കോടതി

Update: 2025-02-25 01:16 GMT

ഭുവനേശ്വര്‍: പ്രണയബന്ധങ്ങളെല്ലാം വിവാഹബന്ധത്തില്‍ എത്തണമെന്നില്ലെന്നും പ്രണയ പരാജയം കുറ്റകൃത്യമല്ലെന്നും ഒഡീഷ ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് ഒരു എസ്‌ഐക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് സഞ്ജീബ് കുമാര്‍ പാണിഗ്രഹിയുടെ നിരീക്ഷണം. കഴിഞ്ഞ ഒമ്പതുവര്‍ഷമായി പ്രണയബന്ധത്തിലായിരുന്നുവെന്നും അക്കാലത്ത് പീഡിപ്പിച്ചെന്നുമായിരുന്നു 2021ല്‍ യുവതി പോലിസില്‍ പരാതി നല്‍കിയിരുന്നത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നല്‍കിയ ഹരജിയിലാണ് നിര്‍ണായക ഉത്തരവ്.

ലംഘിക്കപ്പെട്ട എല്ലാ വാഗ്ദാനങ്ങള്‍ക്കും നിയമം സംരക്ഷണം നല്‍കുന്നില്ലെന്ന് ജസ്റ്റിസ് സഞ്ജീബ് കുമാര്‍ പാണിഗ്രഹി ചൂണ്ടിക്കാട്ടി. ''പരാജയപ്പെട്ട എല്ലാ ബന്ധങ്ങളിലും കുറ്റം ചുമത്താനാവില്ല. 2012 മുതല്‍ പരാതിക്കാരിയും ആരോപണവിധേയനും തമ്മില്‍ ബന്ധമുണ്ട്. സ്വന്തം ജീവിതത്തിലെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരുന്നു അവര്‍. പക്ഷേ, ആ ബന്ധം വിവാഹത്തില്‍ എത്തിയില്ല. അതാണ് പരാതിക്ക് കാരണം. പക്ഷേ, പ്രണയപരാജയം കുറ്റകൃത്യമല്ല. ഒരാള്‍ക്ക് നിരാശയുണ്ടായാലും കുറ്റമുണ്ടാവുന്നില്ല.''-കോടതി വിശദീകരിച്ചു.