കുംഭമേളയിലെ മുസ് ലിം വിരുദ്ധ പ്രസംഗത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാവിനെതിരേ സ്വമേധയാ കേസെടുത്തു
മലപ്പുറം: തിരുന്നാവായയില്‍ ആര്‍എസ്എസ് പോഷക സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുംഭമേളയിലെ മുസ് ലിം വിരുദ്ധ പ്രസംഗത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരേ സ്വമേധയാ കേസെടുത്ത് മലപ്പുറം എസ്.പി. പുത്തനത്താണി സ്വദേശി മുബാറക്കിനെതിരേയാണ് കേസെടുത്തിട്ടുള്ളത്. കുംഭമേളയുടെ അവസാന ദിവസം നടന്ന പ്രഭാഷണത്തില്‍ ഒരു സന്ന്യാസി മലപ്പുറത്തിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും വര്‍ഗീയ പ്രസംഗം നടത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ചു കൊണ്ടാണ് മുബാറക് ഫേസ്ബുക്ക് പോസ്റ്റിട്ടത്. മുബാറക്കിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഏതെങ്കിലും സമുദായത്തിനെതിരേ യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. ആര്‍എസ്എസിനെ വിമര്‍ശിച്ചിട്ടുള്ളതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിനെതിരേയാണ് പോലിസ് കേസെടുത്തിട്ടുള്ളത്. ഇന്ത്യന്‍ ഭരണഘടനയും സുപ്രീംകോടതിയും ഹിന്ദുവിന്റെ രക്ഷക്ക് ഉണ്ടാവില്ല എന്നായിരുന്നു സന്യാസിയുടെ പ്രസംഗം. മലപ്പുറത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഹിന്ദുക്കള്‍ ഭീഷണിയിലാണെന്നും പ്രസംഗത്തില്‍ പറയുന്നത്. യാതൊരു അടിസ്ഥാനവുമില്ലാതെ സന്യാസി മുസ് ലിം വിരുദ്ധ വര്‍ഗീയത വിളിച്ചു പറഞ്ഞിട്ടും പോലിസ് നടപടിയെടുത്തിരുന്നില്ല. ഈ പ്രസംഗത്തിന്റെ വീഡിയോ ഉള്‍പ്പടെ പോസ്റ്റ് ചെയ്ത് കൊണ്ട് വിമര്‍ശനം ഉന്നയിച്ചതിന്റെ പേരിലാണ് യുവാവിനെതിരേ സ്വമേധയാ കേസെടുത്തിരിക്കുന്നത്.
തനിക്കെതിരേ കേസെടുത്ത മലപ്പുറം എസ്പിയുടെ നടപടി ആര്‍എസ്എസ്സിനെ പ്രീണിപ്പിക്കാനാണെന്ന് മുബാറക് പ്രതികരിച്ചു. 'എന്റെ പ്രതികരണം ഹിന്ദു സമുദായത്തിനെതിരെയോ മറ്റോ ആയിരുന്നില്ല. ആര്‍എസ്എസ്സിനെതിരെയും വര്‍ഗീയത പ്രസംഗിച്ച സംഘി സന്ന്യാസിക്കുമെതിരെ ആയിരിന്നു. നാഗ്പൂരില്‍ നിന്നാണ് കേരള പോലിസിനെ നിയന്ത്രിക്കുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണ്ട'. മുബാറക് ഫേസ്ബുക്കില്‍ കുറിച്ചു.
മുബാറക് പുത്തനത്താണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മറ്റൊരു കള്ളകേസ് കൂടി എനിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നു.
മലപ്പുറം ജില്ലയിലെ തിരുന്നാവായയില്‍ ആര്‍എസ്എസ്സിന്റെ പോഷക സംഘടന മഹാമഘ ഉത്സവം എന്ന പേരില്‍ കുംഭമേള എന്ന് പറഞ്ഞു ഒരു പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു.
ആര്‍എസ്എസ് / ബിജെപി നേതാക്കളാണ് പരിപാടിക്ക് നേതൃത്വം നല്‍കിയിരുന്നത്.
നിയന്ത്രണം മുഴുവന്‍ ആര്‍എസ്എസിന്റെ കീഴിലുള്ള സേവാ ഭാരതിക്ക് ആയിരിന്നു.
പരിപാടിയുടെ അവസാന ദിവസം നടന്ന പ്രഭാഷണത്തില്‍ ഒരു സന്ന്യാസി മലപ്പുറത്തിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും വര്‍ഗീയമായി പ്രസംഗിച്ചു. മലപ്പുറത്തുകാരന്‍ ആയതു കൊണ്ടും മുസ് ലിം ആയതുകൊണ്ടും ഞാന്‍ അതിനെതിരെ ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.
ആ പോസ്റ്റിന്റെ പേരില്‍ മലപ്പുറം എസ്പി സ്വമേധയാ കേസ് എടുക്കുകയായിരിന്നു.
ഇതേ മലപ്പുറം എസ്പിക്ക് തന്നെ എനിക്കെതിരെയുള്ള വധഭീഷണി അടക്കം ആര്‍എസ്എസ് നേതാക്കളുടെ വര്‍ഗീയ പ്രസംഗത്തിനെതിരെയുള്ള നിരവധി പരാതിയും നല്‍കിയിരിന്നു.
എന്നാല്‍ പ്രതികളെ ഒന്ന് ഫോണില്‍ വിളിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. അത്തരമൊരു സാഹചര്യത്തിലാണ് എനിക്കെതിരെ സ്വമേധയ പോലീസ് എടുത്ത കേസ്. നാഗ്പൂരില്‍ നിന്നാണ് കേരള പോലീസിനെ നിയന്ത്രിക്കുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണ്ട.
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ പറഞ്ഞത് നിര്‍ബന്ധമായും എനിക്കെതിരെ കേസെടുക്കാനാണ് എസ്പിയുടെ ഓര്‍ഡര്‍ എന്നാണ്.
എന്റെ പ്രതികരണം ഹിന്ദു സമുദായത്തിനെതിരെയോ മറ്റോ ആയിരുന്നില്ല. ആര്‍എസ്എസ്സിനെതിരെയും വര്‍ഗീയത പ്രസംഗിച്ച സംഘി സന്ന്യാസിക്കുമെതിരെ ആയിരിന്നു. ആര്‍എസ്എസ്സിനെതിനെ പ്രതികരിച്ചാല്‍ കേസെടുക്കുമെങ്കില്‍ അതിനിയും തുടരാനാണ് തീരുമാനം.
എത്ര കേസുകള്‍ എടുത്താലും ജയിലില്‍ അടച്ചാലും ഈ രാജ്യത്തിന്റെ കാന്‍സര്‍ ആയ സംഘപരിവാരത്തിന്റെയോ സംഘി പോലീസിന്റെ മുമ്പിലോ മുട്ട് മടക്കില്ല എന്ന കാര്യം സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു...
നന്ദി...
ഈ പരിശുദ്ധമാക്കപ്പെട്ട പുണ്ണ്യ മാസത്തില്‍ ദുആ വസിയത്തോടെ..
മുബാറക് പുത്തനത്താണി.

