സെന്‍ട്രല്‍-ലാറ്റിന്‍ അമേരിക്കയില്‍ യുഎസ് വീണ്ടും ആക്രമണം നടത്തുമോ? വിമാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് എഫ്എഎ

Update: 2026-01-17 02:10 GMT

വാഷിങ്ടണ്‍: സെന്‍ട്രല്‍-ലാറ്റിന്‍ അമേരിക്കയ്ക്ക് മുകളില്‍ പറക്കുന്ന വിമാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍. പ്രദേശത്ത് യുഎസ് സര്‍ക്കാര്‍ സൈനിക ആക്രമണങ്ങള്‍ നടത്തിയേക്കാമെന്നും അതിനാല്‍ ജിപിഎസ് പോലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യത കുറവാണെന്നുമാണ് മുന്നറിയിപ്പ്. ശാന്തസമുദ്രത്തിന്റെ കിഴക്കന്‍ ഭാഗത്ത് വ്യോമാതിര്‍ത്തിയുള്ള ഇക്വഡോര്‍, കൊളംബിയ എന്നീ രാജ്യങ്ങള്‍ക്ക് മുകളിലൂടെ വിമാനങ്ങള്‍ പറത്തുമ്പോഴും ജാഗ്രത പുലര്‍ത്തണം. യുഎസുമായി അതിര്‍ത്തി പങ്കിടുന്ന മെക്‌സിക്കോയില്‍ ആക്രമണം നടത്താനുള്ള സാധ്യത കൂടുതലാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ലഹരിക്കെതിരായ യുദ്ധമെന്ന സ്ഥിരം ആരോപണമാണ് ഇത്തവണയും യുഎസ് ഉന്നയിക്കുന്നത്. ജനുവരി മൂന്നിന് വെനുസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മധുറോയെ യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയിരുന്നു. അതിന് പിന്നാലെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോക്കും സമാനവിധിയുണ്ടാവുമെന്ന് ട്രംപ് ഭീഷണി മുഴക്കി.