ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇറാനില്‍ കൂറ്റന്‍ റാലി; അല്‍-ഖുദ്സ് ദിന മാര്‍ച്ചിന് സമീപം സ്ഫോടനം
അല്‍-ഖുദ്‌സ് ദിനത്തോടനുബന്ധിച്ച് ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ കൂറ്റന്‍ റാലി. ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തെഹ്‌റാനില്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്. അതേസമയം, മാര്‍ച്ചിന് സമീപം സ്‌ഫോടന ശബ്ദം കേട്ടതായും ഒരാള്‍ കൊല്ലപ്പെട്ടതായും അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. അല്‍-ഖുദ്‌സ് വാര്‍ഷിക റാലിക്ക് ഇടയിലാണ് സ്‌ഫോടനം നടന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
യുദ്ധം തുടങ്ങി പതിനാലാം ദിവസവും രാജ്യത്തുടനീളം യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുകയാണ്.
വാര്‍ഷിക പരിപാടിക്കായി എത്തിയ പ്രകടനക്കാരെക്കൊണ്ട് നിറഞ്ഞ തെഹ്റാന്‍ സ്‌ക്വയറില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു വലിയ സ്ഫോടനം ഉണ്ടായതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫെര്‍ദോവ്സി സ്‌ക്വയറിലെ സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. എന്നാല്‍ ഇസ്രായേല്‍ ആക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്ന് മുന്നറിയിപ്പ് വന്നതിനാല്‍ ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. ഇതിനിടേയാണ് സ്‌ഫോടനമുണ്ടായത്. യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് മീഡിയ ഏജന്‍സിയായ പ്രസ് ടിവി റിപോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 28 മുതല്‍ ഇറാനില്‍ നടന്ന യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 1,444 പേര്‍ കൊല്ലപ്പെടുകയും 18,551 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇറാന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, തെഹ്‌റാനില്‍ അല്‍-ഖുദ്‌സ് മാര്‍ച്ചിന് സമീപം ഒരു വ്യോമാക്രമണം നടന്നതായി അല്‍ ജസീറ അറബിക് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം കൃത്യമായി എവിടെയാണ് നടന്നതെന്നോ ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ക്ക് കാരണമായോ എന്നോ വ്യക്തമല്ല.
