വാക്‌സിനും ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടോ? വന്‍ പഠനത്തിന് യുഎസ്

Update: 2025-03-08 14:45 GMT

വാഷിങ്ടണ്‍: വാക്‌സിനും ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കാന്‍ യുഎസിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പഠനം നടത്തും. കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച് വലിയ പഠനമാണ് സിഡിസി നടത്തുകയെന്ന് വാര്‍ത്താ ഏജന്‍സിസായ റോയിട്ടേഴ്‌സിലെ റിപോര്‍ട്ട് പറയുന്നു. വാക്‌സിന്‍ വിരുദ്ധനായി അറിയപ്പെടുന്ന ഹെല്‍ത്ത് സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറാണ് ഇതിന് വേണ്ട ശ്രമങ്ങള്‍ നടത്തിയത്.

യുഎസില്‍ എംഎംആര്‍ വാക്‌സിന്‍ എടുക്കാത്ത കുട്ടികളില്‍ മീസല്‍സ് രോഗബാധ വ്യാപകമാവുകയാണ്. ഇതുവരെ 200ഓളം കുട്ടികള്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞു. ടെക്‌സസിലും ന്യൂ മെക്‌സിക്കോയിലും ഓരോ കുട്ടികള്‍ വീതം മരിച്ചു. എന്നിരുന്നാലും റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ ഇതിനെ ഗൗരവമായി എടുത്തിട്ടില്ല. വാക്‌സിനുകള്‍ക്കെതിരെ റിപ്പബ്ലിക്കന്‍മാര്‍ നടത്തുന്ന പ്രചരണമാണ് പ്രശ്‌നത്തിന് കാരണമെന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. എന്നാല്‍, 2000ത്തിന് ശേഷം യുഎസില്‍ ഓട്ടിസം കേസുകളില്‍ വലിയ വര്‍ധനയാണ് ഉള്ളതെന്നും ഇതിന് കാരണം വാക്‌സിനുകളാണെന്നും റിപ്പബ്ലിക്കന്‍മാര്‍ പറയുന്നു.