''പാരമ്പര്യ സ്വത്തില്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കാത്തത് വിവേചനം'' ആദിവാസി സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യാവകാശം നല്‍കി സുപ്രിംകോടതി

Update: 2025-07-17 15:31 GMT

ന്യൂഡല്‍ഹി: ആദിവാസി സ്ത്രീകള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യാവകാശം അനുവദിച്ച് സുപ്രിംകോടതി. പുരുഷന്‍മാര്‍ക്ക് മാത്രം സ്വത്തില്‍ അനന്തരാവകാശം നല്‍കുന്നത് യുക്തിസഹമല്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ആദിവാസികള്‍ക്ക് ബാധകമല്ലെങ്കിലും സ്വത്തിലുള്ള അവരുടെ അവകാശം ഇല്ലാതാവില്ലെന്ന് കോടതി പറഞ്ഞു.

പാരമ്പര്യ സ്വത്തില്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കാത്ത രീതികള്‍ ആദിവാസികള്‍ക്ക് ഇടയില്‍ ഉണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെയുള്ള രീതികളുണ്ടെങ്കില്‍ അത് മാറണം. നിയമവും കാലത്തിന് അനുസരിച്ച് മാറുന്നു. അതുപോലെ ആചാര രീതികളും മാറണം. അവകാശങ്ങള്‍ നല്‍കാതിരിക്കാന്‍ രീതികളെ മറ പിടിക്കാനാവില്ല. ലിംഗാടിസ്ഥാനത്തില്‍ സ്വത്തില്‍ വിവേചനം കാണിക്കുന്നത് തുല്യതക്കുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണ്. സ്ത്രീകള്‍ക്ക് സ്വത്ത് നല്‍കരുതെന്ന എഴുതപ്പെട്ട നിയമങ്ങളും രീതികളുമില്ലെങ്കില്‍ കോടതികള്‍ വിവേചനം ഒഴിവാക്കി നീതി നടപ്പാക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. മുത്തച്ഛന്റെ സ്വത്തില്‍ നിന്നും അവകാശം ലഭിച്ചില്ലെന്ന് ആരോപിച്ച് ധൈയ്യ എന്ന സ്ത്രീ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.