ന്യൂഡല്‍ഹി: വിചാരണ തടവുകാരനായ മുന്‍ സിമി നേതാവ് സാക്വിബ് നാച്ചന്‍(62) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ പഡ്ഗയ്ക്ക് സമീപത്തുള്ള ബോറിവല്ലി ഗ്രാമത്തില്‍ നാളെ ഖബറടക്കും.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ 2001ല്‍ സിമി നിരോധിച്ച ശേഷം തീവ്രവാദ ബന്ധം ആരോപിച്ച് ദീര്‍ഘകാലം സാക്വിബ് നാച്ചാനെ ജയിലില്‍ അടച്ചിരുന്നു. ജയില്‍ മോചിതനായ ശേഷം ഐഎസ് ബന്ധം ആരോപിച്ച് 2023ല്‍ എന്‍ഐഎ അറസ്റ്റ് ചെയ്തു. പിന്നീട് ഡല്‍ഹിയിലെ തിഹാര്‍ ജയിലിലേക്ക് മാറ്റി. ജൂണ്‍ 22ന് ജയിലില്‍ ബോധം കെട്ടുവീണതിനെ തുടര്‍ന്ന് ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സഫ്ദര്‍ ജങ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികില്‍സയിലിരിക്കെ ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്.
മുംബൈയില്‍ നിന്ന് ഏകദേശം 53 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന ബോറിവലി പഡ്ഗ എന്ന ഗ്രാമത്തിലെ കുടുംബത്തില്‍ പ്രമുഖ സമുദായ നേതാവായ അബ്ദുള്‍ ഹമീദ് നാച്ചന്റെ മൂന്നാമത്തെ മകനായിട്ടാണ് സാക്വിബ് നാച്ചന്‍ ജനിച്ചത്. കൊമേഴ്സ് ബിരുദധാരിയായ നാച്ചന്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദിലൂടെയാണ് തന്റെ പ്രത്യയശാസ്ത്ര പ്രസ്ഥാന ജീവിത യാത്ര ആരംഭിച്ചത്. 1980കളുടെ തുടക്കത്തില്‍ ഇസ്ലാമിക വിദ്യാര്‍ഥി യുവജന സംഘടനയായ സിമിയുടെ ഭാഗമായി. മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റായും ദേശീയ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. മുംബൈയില്‍ സിമിയുടെ ബാനറില്‍ വിവിധ പ്രശ്‌നങ്ങളില്‍ ജനകീയ റാലികള്‍ സംഘടിപ്പിക്കുന്നതിലൂടെ നേതൃപാടവം തെളിയിച്ചു ശ്രദ്ധ നേടി. 1992ല്‍ മുംബൈ ബാന്ദ്ര മൈതാനിയില്‍ 10,000-ത്തിലേറെ പേര്‍ പങ്കെടുത്ത ഇഖ്ദാമെ ഉമ്മത്ത് മുസ്ലിം മുന്നേറ്റ സമ്മേളനത്തിന്റെ സംഘാടനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ഖാലിസ്താന്‍ നേതാക്കളുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും ഇന്ത്യയില്‍ സംയുക്ത ഇസ്‌ലാമിക-ഖാലിസ്ഥാനി സഖ്യത്തിന് ശ്രമിച്ചതായും ആരോപിച്ചു 1992ല്‍ ടാഡ നിയമപ്രകാരം അറസ്റ്റ് ചെയ്തു. വിചാരണക്കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചെങ്കിലും സുപ്രിംകോടതി ശിക്ഷ പത്തുവര്‍ഷമാക്കി ചുരുക്കി. ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കി അദ്ദേഹം ജയില്‍ മോചിതനായി. പോട്ട നിയമപ്രകാരം മറ്റൊരു കേസിലും പത്തുവര്‍ഷം ജയിലില്‍ ശിക്ഷിച്ചു. 2017ല്‍ അദ്ദേഹം ജയില്‍ മോചിതനായി.
ബോറിവല്ലിയിലെ പഡ്ഗയില്‍ സ്വന്തം വീട്ടില്‍ താമസിച്ചു വരുന്നതിനിടെയാണ് ഐഎസ് ബന്ധം ആരോപിച്ച് 2023 ഡിസംബറില്‍ എന്‍ഐഎ സാക്വിബ് നാച്ചനെയും മകന്‍ ശാമിലിനെയും വീണ്ടും അറസ്റ്റ് ചെയ്തത്. പഡ്ഗ ഗ്രാമത്തെ വിമോചിത മേഖലയാക്കി മാറ്റാന്‍ ഗൂഢാലോചന നടത്തി എന്നായിരുന്നു അന്വേഷണ ഏജന്‍സികളുടെ പ്രധാന ആരോപണം.

