പന്നു കൊലപാതക ഗൂഡാലോചന: ആയുധമടങ്ങിയ വിമാനം എത്തിക്കാമെന്ന് റോ മുന്‍ ഏജന്റ് വാഗ്ദാനം നല്‍കിയെന്ന് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍
ന്യൂയോര്‍ക്ക്: യുഎസിലെ സിഖ് നേതാവ് ഗുര്‍പട്‌വന്ത് സിംഗ് പന്നുവിനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ ഉദ്യോഗസ്ഥന്‍ വികാഷ് യാദവിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുഎസ് പ്രോസിക്യൂട്ടര്‍മാര്‍. ഇന്ത്യയില്‍ നിന്നും ആയുധങ്ങള്‍ കയറ്റിയ വിമാനം യുഎസില്‍ എത്തിക്കാമെന്നും പന്നുവിനെ കൊലപ്പെടുത്താന്‍ കഴിയുന്നയാള്‍ക്ക് അവ നല്‍കാമെന്നും വികാഷ് യാദവ് മറ്റൊരു പ്രതിയായ നിഖില്‍ ഗുപ്തയ്ക്ക് വാക്കുനല്‍കിയെന്നാണ് കോടതി രേഖകള്‍ പറയുന്നത്. സെപ്റ്റംബര്‍ 22ന് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ യുഎസ് സര്‍ക്കാര്‍ ഫയല്‍ ചെയ്ത രേഖയിലാണ് ഈ വിവരമുള്ളത്. കേസിലെ വിചാരണ നവംബര്‍ മൂന്നിനാണ് തുടങ്ങുക.
സിസി-1 എന്ന പേരിലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം പന്നുവിനെ കൊല്ലാന്‍ ശ്രമിച്ചെന്നാരോപിച്ച് 2023 നവംബറിലാണ് നിഖില്‍ ഗുപ്തക്കെതിരെ കുറ്റം ചുമത്തിയത്. മൂന്നാഴ്ച്ചക്ക് ശേഷം ഡിസംബര്‍ പതിനെട്ടിന് തട്ടിക്കൊണ്ടുപോവല്‍ കേസില്‍ വികാഷ് യാദവിനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. നാലുമാസം തിഹാര്‍ ജയിലില്‍ കഴിഞ്ഞ അയാള്‍ക്ക് ഏപ്രിലില്‍ ജാമ്യം ലഭിച്ചു. അതിന് ശേഷം അയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. സിസി-1 പേരിലുള്ളയാള്‍ പ്രധാനമന്ത്രിയുടെ കീഴിലുള്ള കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനായ വികാഷ് യാദവാണെന്ന് 2024 ഒക്ടോബറില്‍ യുഎസ് സര്‍ക്കാര്‍ വെളിപ്പെടുത്തി.
ലഹരിമരുന്ന് കടത്തുകാരനായ ഒരാളുമായി നിഖില്‍ ഗുപ്ത ചര്‍ച്ചകള്‍ നടത്തിയിരുന്നതായി യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ലഹരികടത്തുകാരന്‍ രഹസ്യ യുഎസ് ഏജന്റായിരുന്നു. ലഹരിമരുന്ന് കടത്തല്‍-ആയുധക്കച്ചവടം എന്നിവയെ കുറിച്ച് നിഖില്‍ ഗുപ്തയും രഹസ്യ യുഎസ് ഏജന്റും ചര്‍ച്ചകള്‍ നടത്തി. അതിന് ശേഷം കരാര്‍ ഉറപ്പിക്കാന്‍ പ്രാഗിലേക്ക് പോയപ്പോഴാണ് നിഖില്‍ ഗുപ്തയെ അറസ്റ്റ് ചെയ്തത്. അസാള്‍ട്ട് റൈഫിളുകളും പിസ്റ്റളുകളും ആയുധങ്ങള്‍ അടങ്ങിയ വിമാനവും എത്തിക്കാമെന്ന് 2023 ജൂണ്‍ 23ന് വികാഷ് യാദവ് നിഖില്‍ ഗുപ്തയോട് വാട്ട്‌സാപ്പില്‍ പറഞ്ഞതും തെളിവായി ഫയലിലുണ്ട്. കൊലപാതകം കഴിഞ്ഞാല്‍ ആയുധങ്ങള്‍ എത്തിക്കാമെന്നാണ് വികാഷ് യാദവ് അറിയിച്ചത്. പന്നുവിന്റെ കൊലപാതകത്തിന് പുറമേ കാലിഫോണിയയിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മറ്റു ചിലരെയും കൊല്ലാനും പദ്ധതിയുണ്ടായിരുന്നു.
തന്റെ പേര് അമാന്‍ എന്ന പേരില്‍ സേവ് ചെയ്യാന്‍ 2023 മേയില്‍ വികാഷ് യാദവ് നിഖില്‍ ഗുപ്തയോട് പറഞ്ഞു. നേപ്പാളിലോ പാകിസ്താനിലോ ഒരാളെ കൊല്ലണമെന്നും പറഞ്ഞു. നേപ്പാളിലെ കൊല്ലപ്പെടേണ്ട ആളുടെ വിവരങ്ങളും വികാഷ് യാദവ് കൈമാറി. കൊലയാളി നേപ്പാളില്‍ എത്തിയെന്നും ആളെ തിരയുകയാണെന്നും മേയ് എട്ടിന് നിഖില്‍ ഗുപ്ത വികാഷ് യാദവിനെ അറിയിച്ചു. ആളെ കിട്ടിയെങ്കില്‍ കൊല്ലാനായിരുന്നു വികാഷ് യാദവിന്റെ നിര്‍ദേശം.
തന്റെ മയക്കുമരുന്ന്-ആയുധ ഇടപാടുകളെ കുറിച്ച് നിഖില്‍ ഗുപ്ത സര്‍ക്കാര്‍ സ്രോതസിനോടാണ് സംസാരിച്ചുകൊണ്ടിരുന്നതെന്നും യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ക്യൂബയില്‍ നിന്നും 25,000 ഡോളര്‍ ശേഖരിക്കാന്‍ വേണ്ട ആളുകളെ ഒരുക്കാന്‍ സഹായിക്കണമെന്ന് 2017ല്‍ നിഖില്‍ ഗുപ്ത, വികാഷ് യാദവിനോട് ആവശ്യപ്പെട്ടു. താന്‍ ക്യൂബയില്‍ നിന്നും 20 ദശലക്ഷം ഡോളറിന്റെ ക്രെഡിറ്റ് കാര്‍ഡ് കടത്തിയെന്നും ഈക്വഡോറില്‍ നിന്നും പാനമയിലേക്ക് 50 ദശലക്ഷം ഡോളര്‍ കടത്തിയെന്നും നിഖില്‍ ഗുപ്ത ചാറ്റുകളില്‍ പറയുന്നു.
റുമാനിയയില്‍ 40,000 ഡോളര്‍ കലക്ട് ചെയ്യാന്‍ ആളെ ഏര്‍പ്പാടാക്കണമെന്നും മറ്റൊരു ചാറ്റില്‍ നിഖില്‍ ഗുപ്ത ആവശ്യപ്പെടുന്നു. ഗൂഗിളില്‍ നിന്നും ലഭിച്ച ഇമെയില്‍ വിവരങ്ങളും ചില കാര്യങ്ങള്‍ ശരിവയ്ക്കുന്നു. അമാനത്ത് എന്ന പേരിലാണ് വികാഷ് യാദവ് ഒരു ഇമെയില്‍ അഡ്രസ് ഉപയോഗിച്ചിരുന്നത്. ഇന്ത്യയിലെ കാബിനറ്റ് സെക്രട്ടറിയേറ്റ് വികാഷ് യാദവിന് ശമ്പളം നല്‍കിയതിന്റെ സ്ലിപ്പുകളും തെളിവുകളുടെ ഭാഗമാണ്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ അടച്ചതിന്റെ രേഖകളും തെളിവായി ലഭിച്ചിട്ടുണ്ട്.

