സൈബര്‍ തട്ടിപ്പുകാര്‍ 8.10 കോടി തട്ടിയെടുത്തു; പഞ്ചാബ് മുന്‍ ഐജി ആത്മഹത്യക്ക് ശ്രമിച്ചു

Update: 2025-12-22 13:58 GMT

അമൃത്സര്‍: സൈബര്‍ തട്ടിപ്പുകാര്‍ 8.10 കോടി രൂപ തട്ടിയെടുത്തതില്‍ ദുഖിതനായ പഞ്ചാബ് പോലിസ് മുന്‍ ഉദ്യോഗസ്ഥന്‍ വെടിവച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നെഞ്ചില്‍ വെടിയേറ്റ മുന്‍ ഐജി അമര്‍ സിംഗ് ചഹാല്‍ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെടിയൊച്ച കേട്ടവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പാട്യാല പോലിസ് സ്ഥലത്തെത്തിയതെന്ന് എസ്എസ്പി വരുണ്‍ ശര്‍മ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണ്.

2015ല്‍ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബ് കീറിയതിനെതിരേ പ്രതിഷേധിച്ച രണ്ടു പേരെ വെടിവച്ചു കൊന്ന കേസിലെ പ്രതിയുമാണ് അമര്‍ സിംഗ് ചഹാല്‍. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന പര്‍കാശ് സിംഗ് ബാദല്‍, ആഭ്യന്തര മന്ത്രിയായിരുന്ന സുഖ്ബീര്‍ സിംഗ് ബാദല്‍, ഡിജിപിയായിരുന്ന സുമേധ് സിംഗ് സൈനി തുടങ്ങിയവരാണ് മറ്റു പ്രതികള്‍.