കശ്മീരിലെ മുതിര്‍ന്ന ബിജെപി നേതാവ് ആത്മഹത്യ ചെയ്തു

Update: 2025-03-21 02:46 GMT

ശ്രീനഗര്‍: കശ്മീരിലെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായിരുന്ന ഫക്കീര്‍ മുഹമ്മദ് ഖാന്‍(62) സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. ശ്രീനഗറിലെ തുള്‍സിബാദിലെ അതീവസുരക്ഷാ മേഖലയിലെ വീട്ടില്‍ വ്യാഴാഴ്ച്ചയാണ് സംഭവം. സുരക്ഷാ സൈനികന്റെ എസ്എല്‍ആര്‍ റൈഫിളാണ് മരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 1996ല്‍ ഗുരേസ് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മല്‍സരിച്ച ഫക്കീര്‍ മുഹമ്മദ് ഖാന്‍ വിജയിച്ചിരുന്നു. 2002ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍, 2008ലെയും 2014ലെയും തിരഞ്ഞെടുപ്പുകളില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥികള്‍ ഇയാളെ പരാജയപ്പെടുത്തി. 2020ല്‍ ബിജെപിയില്‍ ചേര്‍ന്ന് 2024ല്‍ നടന്ന തിരഞ്ഞെടുപ്പിലും മല്‍സരിച്ചു. ബിജെപി ദേശീയനേതാവായ രാജ് നാഥ് സിങ് അടക്കമുള്ളവര്‍ വന്ന് നാട് ഇളക്കിമറിച്ച് കാംപയിന്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിന് ശേഷം നിരാശയിലായിരുന്നു ഫക്കീര്‍ മുഹമ്മദ് ഖാനെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.