''സുപ്രിംകോടതിയുടെ സാല്‍വ ജുദൂം വിധി വളച്ചൊടിക്കരുത്;അധിക്ഷേപം നടത്തരുത്'': അമിത് ഷായോട് മുന്‍ ജഡ്ജിമാര്‍
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായ ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശത്തിനെതിരേ മുന്‍ ജഡ്ജിമാര്‍. ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി സാല്‍വ ജുദൂം നിര്‍ത്തലാക്കണമെന്ന വിധി പറഞ്ഞ ജഡ്ജിയാണെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഈ പരാമര്‍ശത്തിലൂടെ ജസ്റ്റിസ് റെഡ്ഡിക്ക് നക്‌സലൈറ്റ് അനുഭാവമുണ്ടെന്ന് ദ്യോതിപ്പിക്കാനായിരുന്നു അമിത് ഷാ ശ്രമിച്ചതത്രേ.
ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായ ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്, സുപ്രിംകോടതിയിലെയും വിവിധ ഹൈക്കോടതികളിലെയും 18 മുന്‍ ജഡ്ജിമാരടക്കമാണ് പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്. ഛത്തീസ്ഗഢിലെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്കെതിരേ സായുധ ജാഗ്രതാ സംഘമെന്ന് അവകാശപ്പെട്ട് രൂപം കൊടുത്ത സാല്‍വാ ജുദൂമിനെ ഉപയോഗിക്കുന്നത് നിരോധിക്കുന്ന 2011ലെ വിധിന്യായത്തില്‍ ജസ്റ്റിസ് റെഡ്ഡിയെയും സുപ്രിം കോടതിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമര്‍ശിച്ചിരുന്നു. കൂടാതെ ജഡ്ജിയെ 'നക്‌സലൈറ്റ് പ്രത്യയശാസ്ത്രം' പ്രചോദിപ്പിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെതിരേയാണ് മുന്‍ ജഡ്ജിമാരുടെ പ്രസ്താവന.
ഷായുടെ പ്രസ്താവനയെ സാല്‍വ ജുദൂം വിധിയുടെ തെറ്റായ വ്യാഖ്യാനമാണെന്ന് വിശേഷിപ്പിച്ച ജഡ്ജിമാര്‍, ഇത് 'നിര്‍ഭാഗ്യകരമാണ്' എന്ന് പറഞ്ഞു. വിധിന്യായം 'നക്‌സലിസത്തെയോ അതിന്റെ പ്രത്യയശാസ്ത്രത്തെയോ പ്രത്യക്ഷമായോ നിര്‍ബന്ധിതമായോ പിന്തുണയ്ക്കുന്നില്ല' എന്ന് ചൂണ്ടിക്കാട്ടി.
'ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള പ്രചാരണം പ്രത്യയശാസ്ത്രപരമായിരിക്കാം' - മുന്‍ ജഡ്ജിമാര്‍ പറഞ്ഞു. 'അത് മാന്യമായും മര്യാദയോടെയുമാണ് വേണ്ടത്. ഏതെങ്കിലും സ്ഥാനാര്‍ഥിയുടെ പേരില്‍ അത്തരം പ്രത്യയശാസ്ത്രം ആരോപിക്കുന്നത് ഒഴിവാക്കണം.'
വിധിന്യായത്തെ അമിത് ഷാ തെറ്റായി വ്യാഖ്യാനിക്കുന്നത് ഇന്ത്യയിലെ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്മേല്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളിലേക്കും ജഡ്ജിമാരുടെ പ്രസ്താവന ശ്രദ്ധ ക്ഷണിക്കുന്നു.
'സുപ്രിംകോടതിയുടെ ഒരു വിധിന്യായത്തെ ഒരു ഉന്നത രാഷ്ട്രീയ നേതാവ് മുന്‍വിധിയോടെ തെറ്റായി വ്യാഖ്യാനിക്കുന്നത് സുപ്രിംകോടതി ജഡ്ജിമാരില്‍ ഭയാനകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട് ' - അവര്‍ പറഞ്ഞു. 'അത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ പിടിച്ചുലയ്ക്കുന്നതാണ്.''ഇന്ത്യയുടെ ഉപരാഷ്ട്രപതിയുടെ ഓഫിസിനോടുള്ള ബഹുമാനം കണക്കിലെടുത്ത്, അധിക്ഷേപം ഒഴിവാക്കുന്നതാണ് ബുദ്ധിപരം' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2011ലെ സാല്‍വ ജുദൂം വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് റെഡ്ഡിയും ജസ്റ്റിസ് എസ് എസ് നിജ്ജാറും ആണ്. ജസ്റ്റിസ് നിജ്ജാര്‍ മരണമടഞ്ഞു. സാല്‍വ ജുദൂം സ്‌ക്വാഡുകള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകള്‍ക്ക് നീതി തേടി 2007ല്‍ നന്ദിനി സുന്ദറും മറ്റുള്ളവരും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിച്ച സുപ്രിംകോടതിയുടെ വിവിധ ബെഞ്ചുകളുടെ ക്രമാനുഗതമായ ജുഡീഷ്യല്‍ ഉത്തരവുകളുടെ ഭാഗമായാണ് ഈ വിധി വന്നത്.
2008ല്‍ തന്നെ, ആ കേസ് പരിഗണിച്ചുകൊണ്ടിരുന്ന ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍, സാല്‍വ ജുദൂമിന് ഭരണകൂട പിന്തുണ നല്‍കുന്നത് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞിരുന്നു.സുപ്രിംകോടതി മുന്‍ ജസ്റ്റിസുമാരായ എ കെ പട്‌നായിക്, അഭയ് എസ് ഓക, ഗോപാല ഗൗഡ, വിക്രംജിത് സെന്‍, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍, ജെ ചെലമേശ്വര്‍, ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമാരായ ഗോവിന്ദ് മാത്തൂര്‍, എസ് മുരളീധര്‍, സഞ്ജിബ് ബാനര്‍ജി, ഹൈക്കോടതി മുന്‍ ജഡ്ജിമാരായ അഞ്ജന പ്രകാശ്, സി പ്രവീണ്‍ കുമാര്‍, എ ഗോപാല്‍ റെഡ്ഡി, ജി രഘുറാം, കെ കണ്ണന്‍, കെ ചന്ദ്രു, ബി ചന്ദ്രകുമാര്‍, കൈലാഷ് ഗംഭീര്‍ എന്നിവരും പ്രസ്താവനയില്‍ ഒപ്പുവച്ചു. പ്രഫ. മോഹന്‍ ഗോപാല്‍, സീനിയര്‍ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ എന്നിവരും പ്രസ്താവനയെ പിന്തുണച്ചു.

