വീട്ടുജോലിക്കാരിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ സൈനികനെ വെറുതെവിട്ടു; വ്യാജമൊഴി നല്‍കിയതിന് പരാതിക്കാരിക്കെതിരെ കേസെടുക്കണം, പുരുഷന്‍മാരുടെ സല്‍പേര് നുണകള്‍ കൊണ്ട് തകര്‍ക്കരുത്
ന്യൂഡല്‍ഹി: വീട്ടുജോലിക്കാരിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ മുന്‍സൈനികനെ വിചാരണക്കോടതി വെറുതെവിട്ടു. വ്യാജ ആരോപണം ഉന്നയിച്ചതിന് പരാതിക്കാരിക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി. നിലവില്‍ 38 വയസുള്ള മുന്‍ മേജറെയാണ് പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍കുമാര്‍ വെറുതെവിട്ടിരിക്കുന്നത്. സൈനികനെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പോലിസ് കൊണ്ടുവന്ന എല്ലാ രേഖകളും പരിശോധിച്ചെന്നും സ്ത്രീയുടെ മൊഴി വ്യാജമാണെന്നും വിധിയില്‍ കോടതി പറഞ്ഞു.
ഈ കേസിലെ യഥാര്‍ത്ഥ ഇര പ്രതിചേര്‍ക്കപ്പെട്ടയാളാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതി യഥാര്‍ത്ഥ ഇരയാകാന്‍ സാധ്യതയുള്ള കേസുകള്‍ ഉണ്ടെന്നും കോടതി വ്യക്തമാക്കി. ''ഏറെ വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടാണ് ഒരാള്‍ സല്‍പ്പേരുണ്ടാക്കുന്നത്. ഒരുപാട് കഠിനാധ്വാനം ചെയ്ത് രൂപപ്പെടുത്തുന്ന സല്‍പ്പേര് ഒരു നുണകൊണ്ട് നശിക്കും. കോടതി വെറുതെവിട്ടാല്‍ പോലും അയാളുടെ വേദന ഇല്ലാതാവില്ല. ബലാല്‍സംഗം പോലെ ഗുരുതരമായ കേസുകളില്‍ അതിന്റെ വേദന വളരെയേറെ കൂടുതലായിരിക്കും. അതിനാല്‍ നീതി സംരക്ഷിക്കാന്‍ വ്യാജമൊഴി നല്‍കിയവര്‍ക്കെതിരെ കേസെടുക്കണം''-കോടതി പറഞ്ഞു.
പണം തട്ടാന്‍ വേണ്ടി വ്യാജമായി ഉണ്ടാക്കിയ കേസാണ് ഇതെന്നായിരുന്നു സൈനികന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. സംഭവം നടന്നു എന്നു പറയപ്പെടുന്നതിന് ശേഷം ഒമ്പത് ദിവസം കഴിഞ്ഞാണ് പോലിസില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ട്രോമ മൂലമാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് പോലിസ് വാദിച്ചു. ഈ വാദം കോടതി തള്ളി. പരാതിക്കാരിയുടെ മൊഴികളില്‍ സ്ഥിരതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.സൈന്യത്തില്‍ മേജര്‍ റാങ്കിലുണ്ടായിരുന്ന യുവാവിനെ കേസിനെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നു.