തെഹ്‌റാന്‍: ബഹുജന പ്രക്ഷോഭമെന്ന പേരില്‍ ഇറാനില്‍ നടക്കുന്ന കലാപത്തിന് പിന്നില്‍ കുര്‍ദ് വിഘടനവാദികളെന്ന് അധികൃതര്‍. വടക്കന്‍ ഇറാഖ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളാണ് കലാപത്തിന് പിന്നിലെന്ന് അധികൃതരെ ഉദ്ധരിച്ച് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇറാന്റെ ഒരു ഭാഗം മുറിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കുര്‍ദിസ്ഥാന്‍ ഫ്രീലൈഫ് പാര്‍ട്ടിയുടെ നേതാവ് റിബ്‌വാര്‍ അദ്‌നാന്‍, കുര്‍ദിസ്ഥാന്‍ ഫ്രീഡം പാര്‍ട്ടി നേതാവ് ഹുസൈന്‍ യസ്ദാന്‍പനാ, കൊമാല പാര്‍ട്ടിയുടെ രണ്ടു വിഭാഗങ്ങളുടെ നേതാക്കളായ അബ്ദുല്ല മൊഹ്താദി, റെസ കാബി എന്നിവരാണ് കലാപത്തിന് നേതൃത്വം നല്‍കുന്നത്.
ഇറാനെ മുറിച്ച് കുര്‍ദിസ്ഥാന്‍ രൂപീകരിക്കണമെന്ന ചില കുര്‍ദ് വിഭാഗങ്ങളുടെ നിലപാടിനെ ഇസ്രായേല്‍ അംഗീകരിക്കുന്നുണ്ട്. അതിനാല്‍ തന്നെ കലാപകാരികളുടെ കൂടെ ഇസ്രായേലി ഏജന്റുമാരുമുണ്ടെന്ന് ഇറാന്‍ അധികൃതര്‍ കണക്കുകൂട്ടുന്നു. ഇറാഖിലെ അര്‍ധ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാന്‍ പ്രദേശത്താണ് വിഘടനവാദികള്‍ താവളമടിച്ചിരിക്കുന്നത്. ഇറാന്‍-ഇറാഖ് കരാര്‍ പ്രകാരം ഈ പ്രദേശത്തെ വിഘടനവാദികള്‍ ആയുധം പുറത്തുകാണിക്കാന്‍ പാടില്ല. പക്ഷേ, ഈ പ്രദേശത്ത് രഹസ്യമായി കുര്‍ദ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. തുര്‍ക്കി, ഇറാന്‍, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലെ കുര്‍ദ് പ്രദേശങ്ങള്‍ കുര്‍ദിസ്ഥാനാക്കി മാറ്റമെന്നാണ് വിഘടനവാദികളുടെ ആവശ്യം.
