''അദ്ദേഹത്തിന് ബോധം നഷ്ടപ്പെടുമ്പോഴെല്ലാം, ഉണര്‍ത്താന്‍ വെള്ളം തളിച്ചു, അടിക്കുന്നത് തുടര്‍ന്നു'': ബിഹാറില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അത്തര്‍ ഹുസൈന്റെ കുടുംബം

Update: 2025-12-19 05:52 GMT

പറ്റ്‌ന: ബിഹാറിലെ നവാദയില്‍ 45കാരനായ മുഹമ്മദ് അത്തര്‍ ഹുസൈനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഉത്തരം കിട്ടാതെ കുടുംബം. കഴിഞ്ഞ 20 വര്‍ഷമായി നവാദയിലും പരിസര പ്രദേശങ്ങളിലും തുണിത്തരങ്ങള്‍ നടന്നുവില്‍ക്കുകയായിരുന്നു മുഹമ്മദെന്ന് കുടുംബം പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ഒരു പഴയ സൈക്കിള്‍ വാങ്ങി. പിന്നീട് അതില്‍ സഞ്ചരിച്ചായിരുന്നു കച്ചവടം. പതിയെ കുടുംബം പച്ചപിടിച്ചു തുടങ്ങിയെന്ന് കുടുംബം പറയുന്നു. പക്ഷേ, ഡിസംബര്‍ അഞ്ചിന് ഒരു ആള്‍ക്കൂട്ടം അദ്ദേഹത്തെ ആക്രമിച്ചു. മോഷ്ടാവാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ആറ് ദിവസം ചികില്‍സയില്‍ കഴിഞ്ഞ അദ്ദേഹം ഡിസംബര്‍ 12ന് മരിച്ചു.

ബിഹാര്‍ ശരീഫ് ജില്ലയിലെ ഗഗന്‍ ദിവാന്‍ ഗ്രാമത്തിലെ വീട്ടില്‍ നിന്നും നവംബര്‍ 28നാണ് മുഹമ്മദ് അത്തര്‍ ഹുസൈന്‍ കച്ചവടത്തിന് പോയതെന്ന് ഭാര്യ ശബ്‌നം പര്‍വീണ്‍ പറഞ്ഞു. 45 കിലോമീറ്റര്‍ അകലെയുള്ള നവാദയിലേക്ക് സൈക്കിളിലാണ് പോയത്. ഡിസംബര്‍ ആറിന് സുഹൃത്ത് അയച്ച വീഡിയോ കണ്ടപ്പോഴാണ് സംശയം തോന്നിയതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മുഹമ്മദ് ചാന്ദ് ഹുസൈന്‍ പറയുന്നു. തുടര്‍ന്ന് കുടുംബം മറ്റൊരു സഹോദരനായ മുഹമ്മദ് ഷാക്കിബ് ആലവുമൊത്ത് നവാദയിലേക്ക് പോയി. നവാദ സര്‍ദാര്‍ ആശുപത്രിയില്‍ കണ്ട മുഹമ്മദ് അത്തര്‍ ഹുസൈനെ കണ്ടിട്ട് തിരിച്ചറിയാനായില്ലെന്ന് ആലം പറഞ്ഞു. പതിയെ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി.

കച്ചവടത്തിന് ശേഷം സന്ധ്യയോടെ ഭട്ടാപൂര്‍ ഗ്രാമത്തിന് സമീപമായിരുന്നു മുഹമ്മദ് അത്തര്‍ ഹുസൈനുണ്ടായിരുന്നത്. സൈക്കിള്‍ പഞ്ചറായിരുന്നു. തൊട്ടടുത്ത് ചിലര്‍ തീകാഞ്ഞിരിക്കുന്നുണ്ടായിരുന്നു. അടുത്ത് പഞ്ചര്‍ അടക്കാന്‍ സൗകര്യമുണ്ടോയെന്ന് അദ്ദേഹം അവരോട് ചോദിച്ചു. മദ്യപിച്ചിരുന്ന ഈ സംഘം അദ്ദേഹത്തോട് പേര് ചോദിച്ചു. പേരു പറഞ്ഞതോടെ കൈയ്യിലുണ്ടായിരുന്ന പണം ബലമായി വാങ്ങാന്‍ ശ്രമിച്ചു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അടിച്ചു. തീ കത്തി കൊണ്ടിരുന്ന വടി കൊണ്ടാണ് ആദ്യം അടിച്ചതെന്ന് മുഹമ്മദ് അത്തര്‍ ഹുസൈന്‍ കുടുംബത്തോട് പറഞ്ഞു. പിന്നീട് വസ്ത്രങ്ങള്‍ എല്ലാം ഊരി. കൈകാലുകള്‍ കെട്ടി. ഇരുമ്പുവടി തീയിലിട്ട് ചൂടാക്കി മലദ്വാരത്തില്‍ കയറ്റി. പ്ലയര്‍ കൊണ്ട് ചെവികള്‍ മുറിച്ചു. വിരലുകള്‍ ഒടിക്കുകയും ചെയ്തു. പിന്നീട് മുറിയില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കേല്‍പ്പിച്ചു. ബോധം നഷ്ടപ്പെട്ടപ്പോഴെല്ലാം വെള്ളം മുഖത്ത് ഒഴിച്ച് എഴുന്നേല്‍പ്പിച്ചു. മര്‍ദ്ദനം തുടര്‍ന്നു. പിന്നീടാണ് കള്ളനെ പിടിച്ചുവെന്ന കഥ പ്രചരിപ്പിച്ചത്. കുട്ടികള്‍ അടക്കം 20-25 പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. വൈകീട്ട് ഏഴു മുതല്‍ പുലര്‍ച്ചെ രണ്ടു വരെയാണ് അദ്ദേഹം മര്‍ദ്ദനത്തിനും പീഡനത്തിനും ഇരയായത്.

പുലര്‍ച്ചെ 2.30ന് തങ്ങള്‍ എത്തുമ്പോള്‍ മുഹമ്മദ് അത്തര്‍ ഹുസൈന്‍ ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് പോലിസ് രേഖകള്‍ പറയുന്നു. ആദ്യം റോഹ് പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയി. പിന്നീട് നവാദ സാദര്‍ ആശുപത്രിയിലേക്ക് മാറ്റി. ഡിസംബര്‍ 11 രാത്രി വരെ അവിടെ തുടര്‍ന്ന്. പിന്നീട്. ഭഗ്‌വാന്‍ മഹാവീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ പകര്‍പ്പ് കുടുംബത്തിന് ഇതുവരെയും ലഭിച്ചിട്ടില്ല. 25 പേര്‍ക്കെതിരെയാണ് പോലിസ് ഇതുവരെ കേസെടുത്തിരിക്കുന്നത്. അതില്‍ 15ഓളം പേരെ തിരിച്ചറിഞ്ഞു. ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. ഭട്ട ഗ്രാമവാസികളാണ് പ്രതികളെല്ലാം.

വെറുപ്പ് പ്രചരിപ്പിക്കപ്പെടുകയാണെന്നും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി ചൂണ്ടിക്കാട്ടി. ബിഹാര്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് സമാ ഖാന്‍ കഴിഞ്ഞ ദിവസം കുടുംബത്തെ സന്ദര്‍ശിച്ചു. അടിയന്തര ധനസഹായമായി 20,000 രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മൂന്നു ലക്ഷം രൂപ കൂടി അനുവദിക്കും. ഹുസൈന് നീതി ലഭ്യമാക്കാന്‍ ക്രിമിനല്‍ കേസുകളില്‍ പരിചയ സമ്പന്നരായ അഭിഭാഷകരുടെ പാനല്‍ രൂപീകരിക്കുമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് അര്‍ഷദ് മദനി അറിയിച്ചു.

സര്‍ക്കാരിന്റെ സാമ്പത്തിക സഹായം വളരെ ചെറുതാണെന്ന് ശബ്‌നം പര്‍വീണ്‍ പറഞ്ഞു. ഇഎംഐയില്‍ നിരവധി വീട്ടുപകരണങ്ങള്‍ വാങ്ങിയിരുന്നു. ഒരു ടിവിയും ബെഡും ക്ലോക്കും അലമാരയുമാണ് വാങ്ങിയത്. അവയുടെ അടവുകളുണ്ട്. സ്വകാര്യ ബാങ്കില്‍ നിന്ന് 60,000 രൂപ വായ്പയുണ്ട്. കൂടാതെ വസ്ത്രം വാങ്ങാന്‍ പ്രാദേശിക പലിശക്കാരില്‍ നിന്നും 10,000-20,000 രൂപ പലിശയ്ക്കും എടുക്കാറുണ്ടായിരുന്നു. പ്രതിമാസം 15,000-20,000 രൂപ വരുമാനമായപ്പോഴാണ് മുഹമ്മദ് അത്തര്‍ ഹുസൈന്‍ ചെലവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ബിഹാര്‍ ശരീഫില്‍ ഒരു ചെറിയ വീടും നിര്‍മിക്കുന്നുണ്ടായിരുന്നു. വളരെ സമയം എടുത്താണ് ആ വീടിന്റെ പണി നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു ആണ്‍ മക്കളും ഒരു പെണ്‍കുട്ടിയും അടങ്ങുന്നതാണ് ഹുസൈന്റെ കുടുംബം. ദീര്‍ഘകാല സഹായമില്ലെങ്കില്‍ കുടുംബം തെരുവിലാകുമെന്നാണ് മുഹമ്മദ് ചാന്ദ് ഹുസൈന്‍ പറഞ്ഞു.