''വാട്ട്സാപ്പ് സന്ദേശത്തിലെ പറയാത്ത വാക്കുകളും ശത്രുത വളര്‍ത്തും''; മുസ് ലിം യുവാവിന്റെ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി
അലഹബാദ്: വാട്ട്സാപ്പ് സന്ദേശത്തിലെ 'പറയാത്ത വാക്കുകളും' 'സൂക്ഷ്മ സന്ദേശവും' മതത്തെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നില്ലെങ്കില്‍ പോലും മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിന് കാരണമാവുമെന്ന് അലഹബാദ് ഹൈക്കോടതി. വാട്ട്‌സാപ്പ് വഴി മതവിദ്വേഷം ജനിപ്പിച്ചുവെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ ബിജ്‌നോര്‍ സ്വദേശിയായ അഫാഖ് അഹമദ് നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റിസുമാരായ ജെ ജെ മുനീര്‍, പ്രമോദ് കുമാര്‍ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
ആര്‍എസ്എസ് പ്രവര്‍ത്തകനായ സന്ദീപ് കൗശിക് എന്നയാള്‍ നല്‍കിയ പരാതിയില്‍ ജൂലൈ 19ന് അഫാഖിന്റെ സഹോദരന്‍ ആരിഫ് അഹമദിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പൊതുസ്ഥലത്ത് അശ്ലീല പ്രകടനം നടത്തി, സമാധാന ലംഘനം നടത്തി, ഭീഷണിപ്പെടുത്തി എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. അതിന് ശേഷം അഫാഖിന് നാട്ടുകാരില്‍ നിന്നും ഫോണില്‍ വിളി വന്നു. 'എല്ലാ സമുദായങ്ങളിലെയും' അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗമുണ്ടെന്നും അതില്‍ പങ്കെടുക്കാനുമായിരുന്നു നിര്‍ദേശം. ആരിഫ് അഹമദ് ഒരു ഹിന്ദു സ്ത്രീയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്നും അവരെ ദുബൈയിലേക്ക് കൊണ്ടുപോവാന്‍ പദ്ധതിയിട്ടെന്നും യോഗത്തിന്റെ സംഘാടകര്‍ ആരോപിച്ചു. അപ്പോഴേക്കും ബലാല്‍സംഗം, വിഷം കൊടുക്കല്‍, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, മതപരിവര്‍ത്തനം തടയല്‍ നിയമം എന്നിവയും ആരിഫിനെതിരായ കേസില്‍ പോലിസ് ഉള്‍പ്പെടുത്തി. ആരിഫ് ഇപ്പോഴും ജയിലിലാണ്.
ഈ സംഭവങ്ങളെ തുടര്‍ന്ന് ജൂലൈ 30ന് അഫാഖ് രണ്ടുപേര്‍ക്ക് വാട്ട്‌സാപ്പില്‍ ഒരു സന്ദേശം അയച്ചു. ചിലര്‍ പോലിസില്‍ ചെലുത്തിയ സമ്മര്‍ദ്ദം മൂലമാണ് ആരിഫിനെ കേസില്‍ കുടുക്കിയതെന്നും കുടുംബത്തെ ബഹിഷ്‌കരിക്കാന്‍ ചിലര്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. തന്നെ ആള്‍ക്കൂട്ടം കൊല ചെയ്യുമോയെന്ന ഭയവും സന്ദേശത്തിലുണ്ടായിരുന്നു. കൂടാതെ കോടതി സത്യം പുറത്തുകൊണ്ടുവരുമെന്ന പ്രതീക്ഷയും അഫാഖ് പ്രകടിപ്പിച്ചു. എന്നാല്‍, സന്ദേശം ലഭിച്ച ഒരാള്‍ അതുമായി പോലിസിനെ സമീപിച്ചു. അങ്ങനെയാണ് അഫാഖിനെതിരേ പോലിസ് കേസെടുത്തത്.
തന്റെ സഹോദരനെ മതത്തിന്റെ പേരില്‍ ലക്ഷ്യമിടുന്നുവെന്ന ആശയം സന്ദേശത്തിലുണ്ടെന്നും അത് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും പോലിസ് ആരോപിച്ചു. കേസ് റദ്ദാക്കാന്‍ നല്‍കിയ ഹരജി പരിഗണിച്ച ഹൈക്കോടതിയും പോലിസിന്റെ കാഴ്ച്ചപാട് തന്നെ സ്വീകരിച്ചു. ''സന്ദേശം മതത്തെ കുറിച്ച് നേരിട്ട് പറയുന്നില്ലെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടതിനാല്‍ അഫാക്കിന്റെ സഹോദരനെ വ്യാജകേസില്‍ ലക്ഷ്യമിട്ടിരിക്കുന്നു എന്ന അന്തര്‍ലീനവും സൂക്ഷ്മവുമായ സന്ദേശം തീര്‍ച്ചയായും നല്‍കുന്നു. ഈ 'പറയാത്ത വാക്കുകള്‍' മറ്റുള്ളവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ സാധ്യതയുണ്ട്.''-ഹൈക്കോടതി പറഞ്ഞു.
നിലവില്‍ അഫാഖിനെതിരേ പുതിയൊരു കേസും ബിജ്‌നോര്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭീഷണിപ്പെടുത്തല്‍, സമാധാന ലംഘനം എന്നിവ ഉള്‍പ്പെടുത്തിയാണ് കേസ്. കൂടാതെ അഫാഖിന്റെ അമ്മാവനെതിരെയും പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.

