ജയില്‍ ചാടിയ പ്രതിയെ മംഗളവനത്തില്‍ നിന്നും പിടികൂടി

Update: 2025-01-26 02:51 GMT

കൊച്ചി: എറണാകുളം സബ് ജയിലില്‍ നിന്നും ചാടിപ്പോയ കഞ്ചാവ് കേസിലെ പ്രതിയെ മംഗളവനത്തില്‍ നിന്നും പിടികൂടി. മൂത്രമൊഴിക്കാനായി സെല്ലില്‍ നിന്നു പുറത്തിറക്കിയപ്പോഴാണ് ബംഗാള്‍ സ്വദേശി മന്ദി ബിശ്വാസ് ഇന്നലെ രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ക്കായി പോലിസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു. മംഗളവനത്തില്‍ നിര്‍ത്തിയിട്ട വാഹനത്തിന്റെ അടിയിലാണ് ഇയാളെ കണ്ടെത്തിയത്. പ്രതി ഇപ്പോള്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലാണുള്ളത്.

എക്‌സൈസും റെയില്‍വേ പോലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 14 കിലോഗ്രാം കഞ്ചാവുമായി മന്ദി ബിശ്വാസിനെ പിടികൂടിയിരുന്നത്. തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു. ശൗചാലയത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് പ്രതിയെ ജയില്‍ അധികൃതര്‍ സെല്ലില്‍നിന്ന് പുറത്തിറക്കി. ഈ തക്കത്തിന് മേല്‍ക്കൂരയിലേക്ക് പിടിച്ചുകയറി കൂറ്റന്‍മതിലും മറികടന്ന് ഓടിമറയുകയായിരുന്നു.

കേരളത്തിലെ പക്ഷിസങ്കേതങ്ങളില്‍ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം പക്ഷി സങ്കേതകേന്ദ്രം. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരള ഹൈക്കോടതിയുടെ പുറകുഭാഗത്തുള്ള ഈ പക്ഷിസങ്കേതത്തിന് 0.0274 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്.

Tags: