2004ലെ എറണാകുളം ഇരട്ട കൊലക്കേസ്: സഹതടവുകാരനോടുള്ള രഹസ്യ വെളിപ്പെടുത്തല്‍ ചോര്‍ന്നത് 17 വര്‍ഷങ്ങള്‍ക്കു ശേഷം റിപ്പര്‍ ജയാനന്ദന് വിനയായി

ആറ് കേസുകളിലായി എട്ട് കൊലപാതകങ്ങള്‍ നടത്തിയ ജയനാനന്ദന്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തിരുവനന്തപുരം ജയിലില്‍ കഴിയുകയാണ്

Update: 2021-12-27 13:40 GMT

കൊച്ചി: സഹ തടവുകാരനോട് നടത്തിയ രഹസ്യ വെളിപ്പെടുത്തല്‍ ചോര്‍ന്നതോടെയാണ് 17 വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഇരട്ട കൊലപാതകത്തിന്റെ ചുരുളഴിയുന്നതും പ്രതി അറസ്റ്റിലാകുന്നതും. എറണാകുളം പോണേക്കരയില്‍ വൃദ്ധയേയും സഹോദരീപുത്രനേയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദനാണ് കൃത്യം നടത്തിയതെന്ന് പോലിസിന് വിവരം ലഭിച്ചത് സഹതടവുകാരനില്‍ നിന്നാണ്. 2004 ലാണ് എറണാകുളം പോളേക്കരയില്‍ എഴുപത്തിനാല് വയസുകാരിയും സഹോദരീ പുത്രനും തലയ്ക്കടിയേറ്റ് മരിച്ചത്. 44 പവന്‍ സ്വര്‍ണവും ഇവിടെ നിന്നും നഷ്ടപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊല്ലപ്പെട്ട വയോധികയുടെ തലയിലും മുഖത്തുമായി 12 മുറിവുകളും മൂക്കിന്റെ അസ്ഥിക്ക് പൊട്ടലും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. തലക്കേറ്റ മുറിവാണ് മരണകാരണമെന്നായിരുന്നു കണ്ടെത്തല്‍. പരിശോധനയില്‍ വയോധിക മരിക്കും മുമ്പ് മാനഭംഗത്തിന് ഇരയായിരുന്നുവെന്നും വ്യക്തമായിരുന്നു. കൊലപാതകത്തിന്റെ സ്വഭാവം മനസിലാക്കിയ പോലിസ് ജയാനന്ദന്‍ അടക്കം നിരവധിപേരെ ചോദ്യം ചെയ്തിരുന്നു. പക്ഷെ കുറ്റവാളിയിലേക്ക് എത്താന്‍ സാധിച്ചില്ല.

 17 കൊല്ലത്തിന് ശേഷം മറ്റ് കൊലക്കേസുകളില്‍ ജയിലില്‍ കഴിയുന്ന റിപ്പര്‍ ജയാനന്ദന്‍ സഹടതവുകാരനോട് നടത്തിയ രഹസ്യ വെളിപ്പെടുത്തലാണ് ഇപ്പോള്‍ കുറ്റവാളിയിലേക്ക് എത്തിച്ചത്. കേസിന്റെ തുടര്‍ നടപടികള്‍ക്കായി ജയാനന്ദനെ കസ്റ്റഡിയില്‍ വാങ്ങിയതായി എഡിജിപി ശ്രീജിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കൊലപാതകം,പിടിച്ചു പറി,മോഷണം അടക്കം കേസുകളില്‍ ഇയാള്‍ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് എഡിജിപി പറഞ്ഞു. എട്ടു പേരെയാണ് ഇയാള്‍ കൊലപ്പെടുത്തിയിട്ടുള്ളത്.ഇതു കൂടാതെ 15 മോഷണകേസുകളിലും ഇയാള്‍ പ്രതിയാണ്.ശിക്ഷ ഇയാള്‍ അനുഭവിച്ചുകൊണ്ടിരിക്കുയാണ്. ജെയിലില്‍ നിന്നും ഇയാള്‍ ഇനി പുറത്തിങ്ങാനുള്ള സാഹചര്യമുണ്ടാകില്ല. നേരത്തെ രണ്ടു തവണ ഇയാള്‍ ജെയില്‍ ചാടിയിട്ടുള്ളതിനാല്‍ ജയില്‍ അധികൃതരുടെ അതീവ ശ്രദ്ധയും ജാഗ്രതയും ഇയാളുടെ മേല്‍ ഉണ്ടെന്നും എഡിജിപി വ്യക്തമാക്കി.2004 മെയ് 30 നാണ് സംഭവം.74 വയസുള്ള വൃദ്ധയെയും അവരുടെ സഹോദരനായ 60 വയസുള്ള രാജന്‍ എന്നു വിളിക്കുന്ന നാരായണ അയ്യരെയുമാണ് റിപ്പര്‍ ജയാനന്ദന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.കൃത്യത്തിനു ശേഷം 44 പവനോളം ആഭരണങ്ങളും 15 ഗ്രാം തൂക്കം വരുന്ന വെള്ളിനാണയങ്ങളും മോഷ്ടിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു.

തലയ്ക്കടിച്ചശേഷം വൃദ്ധയെ മരിക്കും മുമ്പ് പ്രതി മാനഭംഗപ്പെടുത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കാന്‍ കൃതൃം നടത്തിയ ഇടത്ത് മഞ്ഞള്‍പ്പൊടി വിതറുകയും മണ്ണെണ്ണ തൂവുകയും ചെയ്തു. പോലിസ് നായ മണം പിടിച്ച് എത്താതിരിക്കാനാണ് ഇതെല്ലാം. കൃത്യം നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ കൊലപാതകത്തിനുളള ആയുധം കണ്ടെത്തുകയാണ് ജയാനന്ദന്റെ മറ്റൊരു രീതി. പോണേക്കരയിലും ഇതു തന്നെ ആവര്‍ത്തിച്ചു. സംഭവം നടന്ന രാത്രി പ്രദേശവാസിയായ ഒരാള്‍ ജയാനന്ദനെ അവിടെവെച്ച് കണ്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്.


ആറ് കേസുകളിലായി എട്ട് കൊലപാതകങ്ങള്‍ നടത്തിയ ജയനാനന്ദന്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തിരുവനന്തപുരം ജയിലില്‍ കഴിയുകയാണ്. സെന്‍ട്രല്‍ ജയിലിലെ മൂന്നു പേര്‍ മാത്രമുള്ള അതീവ സുരക്ഷാ സെല്ലില്‍ ആണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്. ഇവിടെ നിന്ന് ലഭിച്ച സുഹൃത്തിനോടാണ് കൃത്യം നടത്തിയത് താനാണെന്ന വിവരം ഇയാള്‍ പങ്കുവെച്ചത്. ഇയാളാണ് വിവരം ജയിലധികൃതരെ അറിയിച്ചത്. ജയിലധികൃതര്‍ ഇക്കാര്യംക്രൈം ബ്രാഞ്ചിനെ അറിയിച്ചു. തുടര്‍ന്ന് ജയിലില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ജയാനന്ദനാണ് പ്രതിയെന്ന് ഉറപ്പിച്ചത്. തുടര്‍ന്ന് ജയാനന്ദന്റെ അറസ്റ്റും രേഖപ്പെടുത്തി.

Tags: