എപ്‌സ്റ്റൈന്‍ ഫയലുകളില്‍ നിന്ന് 16 ഫോട്ടോകള്‍ നീക്കി; ഒരെണ്ണം ട്രംപിന്റേത്

Update: 2025-12-21 04:14 GMT

വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പ്രമുഖര്‍ക്ക് കാഴ്ചവച്ച കേസിലെ പ്രതിയും സയണിസ്റ്റുമായ ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട രേഖകളില്‍ നിന്ന് 16 ചിത്രങ്ങള്‍ പിന്‍വലിച്ചു. അതില്‍ ഒന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേത്. എന്തുകൊണ്ടാണ് ഈ ചിത്രങ്ങള്‍ മാറ്റിയതെന്ന് യുഎസ് സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല. ന്യൂയോര്‍ക്കില്‍ ജെഫ്രി എപ്‌സ്റ്റൈന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബംഗ്ലാവിലെ മസാജ് മുറിയിലെ ചിത്രങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. അവിടെയാണ് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങള്‍ നടന്നിരുന്നത്. എന്നാല്‍, ഈ ചിത്രം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി പ്രസിദ്ധീകരിച്ചു.

പ്രമുഖ വ്യക്തികള്‍ക്കായി ലൈംഗിക പാര്‍ട്ടികള്‍ സംഘടിപ്പിച്ചുവെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്നടക്കം ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ടയാളാണ് എപ്‌സ്റ്റൈന്‍. ലൈംഗികവൃത്തിക്കായി കുട്ടികളെ കടത്തിയതിന് അറസ്റ്റിലായ എപ്സ്റ്റൈനെ 2019 ജൂലൈയില്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇസ്രായേലി സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന എപ്‌സ്റ്റൈന്‍ അവര്‍ക്ക് നിരവധി രാഷ്ട്രീയ സഹായങ്ങള്‍ നല്‍കിയിരുന്നു. പശ്ചിമേഷ്യയിലെ യുഎസ് പ്രതിനിധി ടോം ബാരക്കുമായും ഇയാള്‍ക്ക് അടുത്തബന്ധമുണ്ടായിരുന്നു. ജെഫ്രി എപ്സ്റ്റീന്റെ ചരിത്രം വ്യക്തമാക്കുന്ന ഫയലുകളാണ് ഇന്നലെ യുഎസ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്.