''എപ്‌സ്റ്റൈന്‍ ജയിലില്‍ കൊല്ലപ്പെട്ടതല്ല, ഇടപാടുകാരുടെ പട്ടികയുമില്ല''; ട്രംപിന് ആശ്വാസമായി യുഎസ് നീതിന്യായ വകുപ്പ് റിപോര്‍ട്ട്

Update: 2025-07-07 12:43 GMT

വാഷിങ്ടണ്‍: യുഎസിലെ പ്രമുഖരെ മുള്‍മുനയില്‍ നിര്‍ത്തിയ ലൈംഗിക ആരോപണങ്ങളുടെ കേന്ദ്രമായ ജൂത ബിസിനസുകാരന്‍ ജെഫ്‌റി എപ്‌സ്റ്റൈന്റെ മരണം കൊലപാതകമല്ലെന്ന് നീതിന്യായ വകുപ്പ്. എപ്‌സ്റ്റൈന്‍ സ്വമേധയാ തൂങ്ങിമരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ടു. പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന് നല്‍കാന്‍ ഇടപാടുകാരുടെ പട്ടിക എപ്‌സ്റ്റൈന്‍ തയ്യാറാക്കിയെന്ന ആരോപണവും നീതിന്യായ വകുപ്പ് തള്ളി.

സമൂഹത്തിലെ ഉന്നതതട്ടിലുള്ളവര്‍ ഉള്‍പ്പെട്ട ഇടപാടുകാരുടെ പട്ടിക എപ്‌സ്‌റ്റൈന്‍ സൂക്ഷിച്ചിരുന്നതു കൊണ്ട് തന്നെ ഇയാളെ ജയിലില്‍ വെച്ച് കൊലപ്പെടുത്തിയതാകാം എന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഈ പട്ടികയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ട്രംപിന്റെ മുന്‍ സുഹൃത്ത് ഇലോണ്‍ മസ്‌ക് പിന്നീട് ഈ ആരോപണവും ഉന്നയിച്ചു. എപ്‌സ്‌റ്റൈന്റെ ബാലപീഡന പരമ്പരകളില്‍ ട്രംപിനും പങ്കുണ്ടെന്നായിരുന്നു മസ്‌കിന്റെ ആരോപണം. എപ്‌സ്‌റ്റൈനുമായി ബന്ധപ്പെട്ട രേഖകള്‍ ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നത് അതുകൊണ്ടാണെന്നും മസ്‌ക് ആരോപിച്ചു.

2002-2008 കാലത്ത്, 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പണം നല്‍കി പ്രലോഭിപ്പിച്ച് മന്‍ഹാറ്റനിലെയും ഫ്ളോറിഡയിലെയും വസതികളിലെത്തിച്ച് എപ്‌സ്‌റ്റൈന്‍ ലൈംഗികചൂഷണം നടത്തിയെന്നാണ് കേസ്. 12 മുതല്‍ 17 വരെ വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ ബോട്ടിലും ഹെലികോപ്റ്ററിലും ലിറ്റില്‍ സെന്റ് ജയിംസ് എന്ന ദ്വീപിലേക്കു കൊണ്ടുവന്നിരുന്നതായി പോലിസ് ആരോപിച്ചിരുന്നു.


ഈ ദ്വീപ് പിന്നീട് ബാലപീഡന ദ്വീപ് എന്നറിയപ്പെട്ടു.