എഹൂദ് ബരാക്കും യുഎഇയിലെ പ്രമുഖനും തമ്മിലുള്ള കൂടിക്കാഴ്ച്ച ഒരുക്കിയത് എപ്സ്റ്റീനെന്ന് രഹസ്യരേഖകള്‍

Update: 2026-01-15 09:57 GMT

വാഷിങ്ടണ്‍: ഇസ്രായേലി പ്രധാനമന്ത്രിയായിരുന്ന എഹൂദ് ബരാക്കും ദുബൈ പോര്‍ട്ട്‌വേള്‍ഡ് സിഇഒ സുല്‍ത്താന്‍ അഹമദ് ബിന്‍ സുലായിമും തമ്മിലുള്ള കൂടിക്കാഴ്ച്ച ഒരുക്കിയത് പെണ്‍കുട്ടികളെ കടത്തിയതിന് യുഎസില്‍ ശിക്ഷിക്കപ്പെട്ട സയണിസ്റ്റ് ജെഫ്രി എപ്സ്റ്റീനാണെന്ന് റിപോര്‍ട്ട്. എപ്സ്റ്റീനും സുല്‍ത്താന്‍ അഹമദ് ബിന്‍ സുലായിമും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിരവധി ഇ-മെയിലുകളാണ് പുറത്തുവന്നിരിക്കുന്നത്.



സുല്‍ത്താന്‍ അഹമദ് ബിന്‍ സുലായിം, 'മഖ്ദൂമിന്റെ' വലം കൈയ്യാണെന്നാണ് 2013ല്‍ എപ്‌സ്റ്റൈന്‍ എഹൂദ് ബരാക്കിന് എഴുതിയ ഇ-മെയില്‍ പറയുന്നത്. ഇരുവരും തമ്മില്‍ നിരവധി കാലത്തെ പരിചയമുണ്ട്. കരീബിയനിലെ എപ്‌സ്റ്റൈന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യദ്വീപില്‍ സുല്‍ത്താന്‍ എത്തിയത് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.


ഒരു ഇസ്രായേലി ലോജിസ്റ്റിക്‌സ് കമ്പനിയില്‍ നിക്ഷേപം ഇറക്കാനും എപ്‌സ്റ്റൈന്‍ സുല്‍ത്താനോട് അഭ്യര്‍ത്ഥിച്ചു. രണ്ടുപേര്‍ക്കും പരിചയമുള്ള ഒരു സ്ത്രീയെ കുറിച്ച് ഇരുവരും അശ്ലീലപരമായി സംസാരിക്കുന്ന ഇ-മെയിലും പുറത്തുവന്നു. യുഎഇയിലെ പ്രമുഖ ബിസിനസ്-രാഷ്ട്രീയ കുടുംബമായ സൂലായിം കുടുംബത്തിലെ അംഗമാണ് സുല്‍ത്താന്‍ അഹമദ് ബിന്‍ സുലായിം. ദുബൈ ഭരണകുടുംബമായ മക്തൂം കുടുംബത്തിന്റെ മുഖ്യഉപദേഷ്ടാവായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ യുഎസ് കൊണ്ടുവന്ന എബ്രഹാം ഉടമ്പടിയില്‍ ഒപ്പിടുന്നതിന് മുമ്പ് യുഎഇയും ഇസ്രായേലും തമ്മില്‍ അടുത്തബന്ധമുണ്ടായിരുന്നതായി എപ്‌സ്റ്റൈന്റെ ഇ-മെയില്‍ തെളിയിക്കുന്നു.