കൊച്ചി: ലൈംഗിക പീഡന ആരോപണത്തില്‍ സിപിഎം എംഎല്‍എ മുകേഷിനെ ന്യായീകരിച്ചും കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ചും സിപിഎം നേതാവ് ഇ പി ജയരാജന്‍. കൊല്ലം എംഎല്‍എ മുകേഷിനെതിരേ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നപ്പോള്‍ സിപിഎം യാതൊരു നടപടിയും എടുത്തില്ലല്ലോ എന്ന ചോദ്യത്തിന്- രാഷ്ട്രീയവും സിനിമയും ഒരുപോലെയാണോ എന്നായിരുന്നു ജയരാജന്റെ മറുചോദ്യം. ''സിനിമയ്ക്ക് സിനിമയുടേതായ ചില പ്രത്യേകതകളുണ്ട്. അത് സിനിമയാണ്, ഇത് രാഷ്ട്രീയമാണ്.''- ജയരാജന്‍ പറഞ്ഞു.
കോണ്‍ഗ്രസ് കേരളത്തില്‍ തകര്‍ന്ന് നശിക്കുകയാണ്. ആ നാശം അതിവേഗത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ''കോണ്‍ഗ്രസിന്റെ നേതാക്കള്‍ എല്ലാവരും ആലോചിക്കേണ്ട ഒരു കാര്യം, നിങ്ങള്‍ക്ക് പെണ്‍മക്കളില്ലേ, ഭാര്യമാരില്ലേ... ഈ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാന്‍ പറ്റുമോ എന്നതാണ്. ശക്തമായ നടപടികള്‍ക്ക് വിധേയമാക്കേണ്ട കാര്യമാണിത്. ശക്തമായ നടപടികള്‍ എടുക്കാന്‍ കോണ്‍ഗ്രസിന് ത്രാണിയില്ലെന്നുവന്നാല്‍ അത് കോണ്‍ഗ്രസിന്റെ ഗതികേടാണ്.''-ജയരാജന്‍ പറഞ്ഞു.