പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഗ്ഡില്‍ അന്തരിച്ചു

Update: 2026-01-08 01:57 GMT

പുനെ: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി പൂനെയില്‍ വെച്ചാണ് അന്തരിച്ചത്. മകന്‍ സിദ്ധാര്‍ത്ഥ ഗാഡ്ഗില്‍ ആണ് മരണവിവരം സ്ഥിരീകരിച്ചത്. പശ്ചിമഘട്ടത്തെ പ്രത്യേകരീതിയില്‍ സംരക്ഷിക്കണമെന്ന അദ്ദേഹം അധ്യക്ഷനായ സമിതിയുടെ റിപോര്‍ട്ട് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. പശ്ചിമഘട്ടത്തിന്റെ 75 ശതമാനവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് 2011ലെ റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. 2024ല്‍ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (ഡചഋജ) അദ്ദേഹത്തെ 'ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്' ആയി തെരഞ്ഞെടുത്തിരുന്നു.

1942ല്‍ പൂനെയില്‍ ജനിച്ച അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നാണ് പിഎച്ച്ഡി നേടിയത്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (കകടര) 31 വര്‍ഷം സേവനമനുഷ്ഠിക്കുകയും അവിടെ സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സസ് സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയുടെ ജൈവവൈവിധ്യ നിയമം രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഏഴ് പുസ്തകങ്ങളും 225-ലധികം ശാസ്ത്ര പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യയും പ്രശസ്ത മണ്‍സൂണ്‍ ശാസ്ത്രജ്ഞയുമായ സുലോചന ഗാഡ്ഗില്‍ 2025 ജൂലൈയില്‍ അന്തരിച്ചിരുന്നു.