ടെലഗ്രാം ഗ്രൂപ്പില്‍ അംഗമായതിന്റെ പേരില്‍ മുസ് ലിം എന്‍ജിനീയറിങ് വിദ്യാര്‍ഥിക്കെതിരേ യുഎപിഎ; കുറ്റ സമ്മതം നടത്താന്‍ മഹരാഷ്ട്ര എടിഎസ് നിര്‍ബന്ധിച്ചതായി വിദ്യാര്‍ഥി കോടതിയില്‍
മുംബൈ: ടെലഗ്രാം ഗ്രൂപ്പില്‍ അംഗമായതിന്റെ പേരില്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള നിരോധിത സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുസ് ലിം എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ മഹാരാഷ്ട്ര എടിഎസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും കുറ്റം സമ്മതിക്കാന്‍ മഹാരാഷ്ട്ര എടിഎസ് നിര്‍ബന്ധിച്ചതായും അറസ്റ്റിലായ വിദ്യാര്‍ഥി അയാന്‍ ഷെയ്ഖ് കോടതിയെ അറിയിച്ചു. 'ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്കെതിരായ കുറ്റങ്ങള്‍ സമ്മതിക്കാന്‍ നിര്‍ബന്ധിക്കുകയാണ്' അയാന്‍ ഷെയ്ഖ് കോടതിയെ അറിയിച്ചു. അറസ്റ്റിലായ അയാന്‍ ഷെയ്ഖിനെ എടിഎസിന്റെ പ്രാഥമിക കസ്റ്റഡി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്.
കൂടുതല്‍ റിമാന്റ് വേണമെന്ന എടിഎസിന്റെ അപേക്ഷയെ ഷെയ്ഖിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. പ്രതിഭാഗം അഭിഭാഷകന്‍ ഇബ്രാഹിം ഹര്‍ബത്ത് തന്റെ കക്ഷിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണെന്ന് വാദിച്ചു. ഒരു ടെലിഗ്രാം ഗ്രൂപ്പിലെ അംഗമാകുന്നത് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യാനുള്ള അടിസ്ഥാനമല്ലെന്ന് അദ്ദേഹം വാദിച്ചു.
അതേസമയം, വിപുലമായ ഒരു ഡിജിറ്റല്‍ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് വാദിച്ച പ്രോസിക്യൂഷന്‍ മാര്‍ച്ച് 12 വരെ പ്രതിയെ കൂടുതല്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടു. അയാനില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും നിലവില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും, അയാന്റെ എട്ട് പ്രത്യേക ഇ-മെയില്‍ ഐഡികളും ഒന്നിലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇതുവരെ പൂര്‍ണ്ണമായി പരിശോധിച്ചിട്ടില്ലെന്നും എടിഎസ് വാദിച്ചു.
നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉള്ളടക്കം പ്രചരിക്കുന്ന 'ഇസ്‌ലാമിക് പൊളിറ്റിക്‌സ്' എന്ന ടെലിഗ്രാം ചാനലിലെ അയാന്‍ ഷെയ്ഖിന്റെ പ്രവര്‍ത്തനത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രത്യേകം എടുത്തുകാണിച്ചു. എടിഎസിന്റെ അഭിപ്രായത്തില്‍, അയാന്‍ നിരവധി മാസങ്ങളായി ടെലഗ്രാം ഗ്രൂപ്പില്‍ സജീവമായിരുന്നു എന്നും 'ദേശവിരുദ്ധ' സംവാദങ്ങളില്‍ പങ്കെടുത്തു എന്നും എടിഎസ് ആരോപിച്ചു.
ടെലഗ്രാം ഗ്രൂപ്പില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടായിരുന്നു എന്നും അതിര്‍ത്തിക്കപ്പുറത്തുള്ള അനുഭാവികള്‍ എന്ന് ആരോപിക്കപ്പെടുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു എന്നും എടിഎസ് ആരോപിച്ചു. ജെയ്ഷെ മുഹമ്മദിനെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ ഗ്രൂപ്പില്‍ പങ്കിട്ടിട്ടുണ്ടെന്നും അയാന്‍ ഷെയ്ഖ് അത്തരം പോസ്റ്റുകള്‍ 'ലൈക്ക്' ചെയ്യുകയും മറ്റ് അംഗങ്ങളെ ടാഗ് ചെയ്യുകയും ചെയ്തതിനാല്‍ ഉള്ളടക്കം വായിക്കാന്‍ അവരെ പ്രേരിപ്പിച്ചുവെന്നും ഏജന്‍സി ആരോപിച്ചു.

