അടിയന്തരാവസ്ഥയ്ക്ക് 50 വര്‍ഷം

Update: 2025-06-25 03:01 GMT

ന്യൂഡല്‍ഹി: ഭരണഘടന ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത അവകാശങ്ങളെല്ലാം എടുത്തു കളഞ്ഞ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് 50 വര്‍ഷം. കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന കാശു ബ്രഹ്‌മാനന്ദ റെഡ്ഡി 1975 ജൂണ്‍ 25ന് രാത്രി 10.15ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ വീട്ടിലെത്തി. നേരത്തെ ഇന്ദിരാഗാന്ധിയും രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവ് അദ്ദേഹം തയ്യാറാക്കി. പാതിരാത്രിയോടെ രാഷ്ട്രപതി അതില്‍ ഒപ്പിട്ടു.

ഇന്ദിരാഗാന്ധി നേരിട്ട പ്രതിസന്ധികളാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമായത്.1971ലെ പൊതുതിരഞ്ഞെടുപ്പില്‍ ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്‌തെന്ന കേസില്‍ ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്ന് 1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ കോടതി ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ഇന്ദിരാഗാന്ധിയെ വിലക്കി. അപ്പീലില്‍ വാദം കേട്ട സുപ്രിം കോടതി ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാമെന്നും വോട്ടവകാശം ഇല്ലാതെ പാര്‍ലമെന്റില്‍ പങ്കെടുക്കാമെന്നും പറഞ്ഞു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ അവധിക്കാല ബെഞ്ചിന്റെതായിരുന്നു ഉത്തരവ്. ഈ വിധിയുടെ പതിമൂന്നാം നാള്‍, 1975 ജൂണ്‍ 25ന് ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. അപ്പോഴേക്കും പ്രഖ്യാപനം എത്തി.

അപ്പോള്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയനേതാക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും വാതിലുകളില്‍ പോലിസ് മുട്ടിത്തുടങ്ങി. ആന്ധ്രാപ്രദേശില്‍ 1,135 പേരെ മിസ നിയമപ്രകാരം തടങ്കലില്‍ വച്ചെന്നാണ് അടിയന്തരാവസ്ഥ അന്വേഷിച്ച ഷാ കമ്മീഷന്‍ റിപോര്‍ട്ട് പറയുന്നത്. 21 മാസത്തില്‍ 70 പേരെ പോലിസ് ''ഏറ്റുമുട്ടലില്‍'' കൊല്ലുകയും ചെയ്തു.

സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്ന് ആരോപിച്ച് വടക്കേ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിരവധി വീടുകളും കെട്ടിടങ്ങളും പൊളിച്ചു, ചേരികള്‍ ഒഴിപ്പിച്ചു. ചില പ്രദേശങ്ങളില്‍ നിര്‍ബന്ധിത വന്ധീകരണങ്ങള്‍ നടന്നു. അടിയന്തരാവസ്ഥ കാലത്ത് മിസ നിയമപ്രകാരം തടങ്കലില്‍ വച്ച 50 പേര്‍ കസ്റ്റഡിയില്‍ മരിച്ചെന്ന് പിന്നീട് ആഭ്യന്തര മന്ത്രിയായ ചരണ്‍ സിങ് പാര്‍ലമെന്റിനെ അറിയിച്ചു. കേരളത്തിലും നിരവധി പേര്‍ അടിയന്തരാവസ്ഥ കാലത്ത് പീഡനങ്ങള്‍ക്ക് ഇരയായി. എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ രാജന്റെ കൊലപാതകം അടിയന്തരാവസ്ഥയുടെ ക്രൂരതകള്‍ മലയാളികളെയും ബോധ്യപ്പെടുത്തി.

1977 മാര്‍ച്ച് 21ന് അടിയന്തരാവസ്ഥ പിന്‍വലിച്ചു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടിയാണ് അധികാരത്തില്‍ എത്തിയത്.