ബിഎല്‍ഒയെ തൊട്ടാല്‍ കളിമാറുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

Update: 2025-11-20 02:09 GMT

തിരുവനന്തപുരം: ബിഎല്‍ഒമാരുടെ ജോലി തടസ്സപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടിയെടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച പൊതുസേവകരാണ് ബിഎല്‍ഒമാരെന്ന് രത്തന്‍ യു ഖേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ബിഎല്‍ഒമാര്‍ക്ക് പോലിസ് സഹായം ഉറപ്പാക്കും. ബിഎല്‍ഒമാരെ തടയുന്നത് 10 വര്‍ഷംവരെ തടവ് ലഭിക്കുന്ന കുറ്റമാണ്. സാമൂഹികമാധ്യമങ്ങള്‍ വഴിയോ സൈബറിടത്തിലോ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ ഐടി ആക്ടനുസരിച്ച് നടപടിയെടുക്കും.

കണ്ണൂരില്‍ അനീഷ് ജോര്‍ജിന്റെ ആത്മഹത്യയെത്തുടര്‍ന്ന് പണിമുടക്കിയ ബിഎല്‍ഒമാരെ പിരിച്ചുവിടുമെന്നത് വ്യാജപ്രചാരണമാണെന്നും ഖേല്‍ക്കര്‍ വ്യക്തമാക്കി. അനീഷിന്റെ ആത്മഹത്യ സംബന്ധിച്ച കലക്ടറുടെ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിഷനു കൈമാറി. അനീഷ് ജോര്‍ജിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കും. സംസ്ഥാനത്തെ ബിഎല്‍ഒമാര്‍ കൃത്യമായി ജോലി നിര്‍വഹിക്കുന്നുണ്ടെന്നും അപേക്ഷകളില്‍ 98 ശതമാനം നല്‍കിക്കഴിഞ്ഞെന്നും കേല്‍ക്കര്‍ പറഞ്ഞു. ബിഎല്‍ഒമാരുടെ നിയന്ത്രണവും മേല്‍നോട്ടവും നിരീക്ഷണവുമെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാത്രം അധികാരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.