വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കണം: എം എം താഹിര്‍

Update: 2025-09-26 12:07 GMT

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ നിന്ന് വോട്ടര്‍ പട്ടിക അപ്രത്യക്ഷമായത് സംശയാസ്പദമാണെന്നും പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. ദേശീയ തലത്തില്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പട്ടിക അപ്രത്യക്ഷമായത് ദുരൂഹമാണ്. ഡീലിമിറ്റേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് പട്ടിക നീക്കം ചെയ്തിരിക്കുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലെ വാര്‍ഡുകളുടെ എണ്ണം സംസ്ഥാന സര്‍ക്കാര്‍ 21,900ല്‍ നിന്ന് 23,612 ആയി വര്‍ധിപ്പിച്ചിരുന്നു. പുറത്തിറക്കിയ അന്തിമ പട്ടികയില്‍ 2,83,12,458 വോട്ടര്‍മാരാണ് (സ്ത്രീകള്‍, പുരുഷന്മാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍) ഉള്‍പ്പെട്ടിരുന്നത്. ഇത്തരത്തില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ച പട്ടിക അപ്രത്യക്ഷമായത് വോട്ടര്‍മാരില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പട്ടികയില്‍ പേര് ഉണ്ടോ എന്നു വോട്ടര്‍മാര്‍ക്ക് പരിശോധിക്കാന്‍ നിലവില്‍ അവസരമില്ല. പിന്നെയെങ്ങിനെയാണ് പേര് ചേര്‍ക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തി നില്‍ക്കേ പൗരന്മാര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഉതകുന്ന തരത്തില്‍ പട്ടിക തയ്യാറാക്കുന്നതിന് നിലവിലെ പട്ടിക വെബ്സൈറ്റില്‍ ലഭ്യമാകേണ്ടതുണ്ട്. ആയതിനാല്‍ നിലവിലെ വോട്ടര്‍ പട്ടിക ഉടന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.