ഗസയില്‍ 18,000 മൃതദേഹങ്ങള്‍ മറവ് ചെയ്ത് യൂസുഫ് അബു ഹതാബ്

Update: 2025-12-23 09:22 GMT

ഗസ സിറ്റി: ഇസ്രായേലി സൈന്യം കൊലപ്പെടുത്തിയ 18,000 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ മറവ് ചെയ്ത് യൂസുഫ് അബു ഹതാബ്. ഖാന്‍ യൂനിസ് സ്വദേശിയായ യൂസുഫാണ് വംശഹത്യാകാലത്ത് ഏറ്റവുമധികം മൃതദേഹങ്ങള്‍ മറവ് ചെയ്തത്. പേരും മറ്റുമില്ലാതെയാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ''ചില സമയങ്ങളില്‍ ഏതെങ്കിലും അവയവങ്ങള്‍ മാത്രമേ എത്തുമായിരുന്നുള്ളൂ. ഏറ്റവും മോശമായ സമയത്താണ് മൃതദേഹങ്ങള്‍ മറവ് ചെയ്തത്. ചിലപ്പോള്‍ ഖബര്‍സ്ഥാനുകളില്‍ മറവ് ചെയ്തു. ചിലപ്പോള്‍ ആശുപത്രികള്‍ക്ക് അകത്ത് മറവ് ചെയ്തു. ഒരു ഖബറില്‍ 15 മൃതദേഹങ്ങള്‍ വരെ മറവ് ചെയ്യേണ്ടി വന്നു.''-അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒരു ദിവസം മാത്രം ഖാന്‍യൂനിസിലെ നാസര്‍ ആശുപത്രിയില്‍ 550 മൃതദേഹങ്ങള്‍ മറവ് ചെയ്തു. ജൂലൈയില്‍ ഒരു സ്വകാര്യ ഖബര്‍സ്ഥാന്‍ തുറന്ന് 1,270 മൃതദേഹങ്ങള്‍ മറവ് ചെയ്യേണ്ടി വന്നു. വംശഹത്യാകാലത്ത് വിവാഹ ഹാളുകളിലും മൈതാനങ്ങളിലും അടക്കം മൃതദേഹങ്ങള്‍ മറവ് ചെയ്യേണ്ടി വന്നെന്ന് അദ്ദേഹം പറയുന്നു. വംശഹത്യാ കാലത്ത് ഗസയിലെ 60 ഖബര്‍സ്ഥാനുകളിലെ 40 എണ്ണവും ഇസ്രായേല്‍ തകര്‍ത്തു. ഫലസ്തീനി നേതാക്കളായ ആയിരത്തോളം പേരുടെ ഭൗതികാവശിഷ്ടങ്ങള്‍ അവര്‍ മോഷ്ടിക്കുകയും ചെയ്തു. 2005ലാണ് യുസുഫ് അബു ഹതാബ് ഈ മേഖലയിലേക്ക് പ്രവേശിച്ചത്. 1988ല്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടുതവണ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. ഇത്തവണത്തെ വംശഹത്യയിലും പരിക്കേറ്റു.