നികുതി കുടിശ്ശിക അടച്ചില്ല; ഇസ്രായേലിലെ എയ്‌ലാത്ത് തുറമുഖം ഞായറാഴ്ച പൂട്ടും
തെല്‍അവീവ്: നികുതി കുടിശ്ശിക അടയ്ക്കാത്തതിന് ഇസ്രായേലിലെ എയ്‌ലാത്ത് തുറമുഖത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ കണ്ടുകെട്ടി. ഇതോടെ ഞായറാഴ്ച്ച മുതല്‍ തുറമുഖം പൂര്‍ണമായും പൂട്ടുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഒരുമാസം ശരാശരി 1.8 കോടി രൂപയാണ് തുറമുഖം നികുതി ആയി അടയ്‌ക്കേണ്ടത്. എന്നാല്‍, ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അന്‍സാറുല്ല രംഗത്തെത്തിയതോടെ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി തുറമുഖം പൂട്ടിയിട്ടിരിക്കുകയാണ്.
വിഷയത്തില്‍ നാഷണല്‍ എമര്‍ജന്‍സി അതോറിറ്റി പ്രതികരിച്ചു '' തുറമുഖം പതിവ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതിനാലും യുദ്ധം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മൂലം മുന്‍സിപ്പാലിറ്റിക്കുള്ള കടബാധ്യത വര്‍ധിച്ചു. അതിനാല്‍ മുന്‍സിപ്പാലിറ്റി ബാങ്ക് അക്കൗണ്ടുകള്‍ കണ്ടുകെട്ടി. തല്‍ഫലമായി ഞായറാഴ്ച മുതല്‍ തുറമുഖം അടച്ചുപൂട്ടുകയാണ്.'' തുറമുഖം തുറന്നു പ്രവര്‍ത്തിപ്പിക്കണമോയെന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രാലയവും മറ്റു മന്ത്രാലയങ്ങളും തമ്മില്‍ ഉടന്‍ ചര്‍ച്ച നടക്കും.
തുറമുഖം പൂട്ടുന്നത് സയണിസ്റ്റ് നാവികസേനയ്ക്ക് വലിയ വെല്ലുവിളിയാവും. കൂടാതെ യൂറോപ്പ്-ഏഷ്യ പൈപ്പ്‌ലൈന്‍, ചെങ്കടലിലെ ധാതുക്കളില്‍ നിന്നുള്ള പൊട്ടാഷ് നിര്‍മാണം എന്നിവയെ പ്രതികൂലമായി ബാധിക്കും.
ഇസ്രായേലി-അമേരിക്കന്‍ ബിസിനസുകാരായ നകാഷ് സഹോദരന്‍മാര്‍ 2012 മുതല്‍ 15 വര്‍ഷത്തേക്ക് 306 കോടി രൂപയ്ക്ക് തുറമുഖം പ്രവര്‍ത്തിപ്പിക്കുകയാണ്. വളരെ ചെറിയ നിരക്കിന് അവര്‍ക്ക് തുറമുഖം നല്‍കിയെന്ന ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു. ഗസയിലും ലബ്‌നാനിലും അധിനിവേശം തുടങ്ങിയ കാലത്ത് ഇസ്രായേല്‍ ഇറക്കുമതി ചെയ്യുന്ന കാറുകളില്‍ 50 ശതമാനവും ഈ തുറമുഖത്താണ് എത്തിയിരുന്നത്. കൂടാതെ യൂറോപ്പിലേക്കും ഏഷ്യയിലേക്കും പെട്രോളിയവും പ്രകൃതിവാതകവും ധാതുക്കളും കയറ്റി അയക്കാനും ഈ തുറമുഖത്തെ ഉപയോഗിച്ചു. എന്നാല്‍, അന്‍സാറുല്ലയുടെ ആക്രമണം തുടങ്ങിയതോടെ തുറമുഖം പ്രതിസന്ധിയിലായി. ഇക്കഴിഞ്ഞ ജൂണില്‍ തുറമുഖത്തിന് സര്‍ക്കാര്‍ 15 ദശലക്ഷം ഷെക്കെല്‍ ധനസഹായം നല്‍കിയിരുന്നു.
2023ല്‍ തുറമുഖത്തിന്റെ വരുമാനം 542 കോടി രൂപയായിരുന്നു. 2024ല്‍ 107 കോടി രൂപയായി കുറഞ്ഞു. തുറമുഖത്ത് വരുന്ന കപ്പലുകളുടെ എണ്ണം കുറഞ്ഞതാണ് കാരണം. 2023ല്‍ ഏകദേശം 134 കപ്പലുകള്‍ ഒന്നരലക്ഷം വാഹനങ്ങള്‍ ഇറക്കി. 2024ല്‍ ഒരു വാഹനവും തുറമുഖം വഴി ഇറക്കുമതി ചെയ്യാനായില്ല. ആകെ 16 കപ്പലുകള്‍ മാത്രമാണ് എത്തിയത്. 2025ല്‍ ആകെ ആറു കപ്പലുകള്‍ മാത്രമാണ് എത്തിയത്.
സ്വകാര്യ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇസ്രായേലിന്റെ ദേശീയസുരക്ഷയില്‍ നിര്‍ണായക പങ്കുള്ള തുറമുഖമാണിത്. ഉമ്മുല്‍ റഷ്‌റാഷ് തുറമുഖം എന്നാണ് ഈ തുറമുഖത്തിന്റെ യഥാര്‍ത്ഥ പേര്. സയണിസ്റ്റുകളാണ് ഇതിന് എയ്‌ലാത്ത് തുറമുഖം എന്ന് പേരിട്ടത്.

