ഉമര്‍ ഖാലിദിന് ജാമ്യം നല്‍കണമെന്ന് യുഎസ് സെനറ്റര്‍മാര്‍

Update: 2026-01-02 07:05 GMT

വാഷിങ്ടണ്‍: മുസ്‌ലിംകളുടെ പൗരത്വം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കലാപക്കേസില്‍ ജയിലില്‍ അടച്ച വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ജാമ്യം നല്‍കണമെന്ന് യുഎസ് സെനറ്റര്‍മാര്‍. യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി വിനയ് മോഹന്‍ ക്വാത്രക്ക് നല്‍കിയ കത്തിലാണ് എട്ട് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഉമര്‍ ഖാലിദിനും തടങ്കലില്‍ കഴിയുന്ന മറ്റുള്ളവര്‍ക്കുമെതിരായ കേസിലെ നടപടികള്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് കത്ത് പറയുന്നു. ഈ കത്തിന്റെ പകര്‍പ്പ് ടോം ലാന്റോസ് മനുഷ്യാവകാശ കമ്മീഷന്റെ സഹ-അധ്യക്ഷന്‍ കൂടിയായ ഡെമോക്രാറ്റ് അംഗം ജിം മക്ഗവര്‍ണ്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ജാമി റാസ്‌കിന്‍, ഇന്ത്യന്‍ വംശജയായ പ്രമീള ജയപാല്‍, ജാന്‍ ഷാക്കോവ്‌സ്‌കി, ലോയ്ഡ് ഡോഗെറ്റ്, റാഷിദ് തലൈബ്, ക്രിസ് വാന്‍ ഹോളന്‍, പീറ്റര്‍ വെല്‍ച്ച് എന്നിവരും ഇതില്‍ ഒപ്പുവച്ചു.

യുഎപിഎ പ്രകാരം 5 വര്‍ഷമായി ജാമ്യമില്ലാതെ ഉമര്‍ ഖാലിദിനെ തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് കത്ത് ചൂണ്ടിക്കാട്ടി. ''ഇത് നിയമത്തിന് മുന്നിലെ തുല്യത, ഉചിതമായ നടപടിക്രമം, ആനുപാതികത എന്നിവയുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് സ്വതന്ത്ര മനുഷ്യാവകാശ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്... ന്യായമായ സമയത്തിനുള്ളില്‍ വിചാരണ നടത്തണം. കുറ്റക്കാരനെന്ന് തെളിയുന്നത് വരെ നിരപരാധിയായി കാണപ്പെടാനുള്ള വ്യക്തികളുടെ അവകാശങ്ങള്‍ ഇന്ത്യ ഉയര്‍ത്തിപിടിക്കണം..''-കത്ത് ആവശ്യപ്പെടുന്നു.

''യുഎസും ഇന്ത്യയും ജനാധിപത്യ മൂല്യങ്ങള്‍, ഭരണഘടനാ ഭരണം, ജനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധം എന്നിവയില്‍ വേരൂന്നിയ ദീര്‍ഘകാല തന്ത്രപരമായ പങ്കാളിത്തം പങ്കിടുന്നു... ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍, സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങള്‍, ബഹുസ്വരത എന്നിവ സംരക്ഷിക്കുന്നതിലും ഉയര്‍ത്തിപ്പിടിക്കുന്നതിലും ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യമുണ്ട്. 'ഈ മനോഭാവത്തിലാണ്' ഖാലിദിന്റെ തടങ്കലിനെ സംബന്ധിച്ച് ആശങ്കകള്‍ ഉന്നയിക്കുന്നത്.''-കത്ത് പറയുന്നു. ഖാലിദിന്റെ തടങ്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെയും നിയമ പ്രക്രിയയുടെയും ന്യായയുക്തതയെക്കുറിച്ച് മനുഷ്യാവകാശ സംഘടനകളും നിയമ വിദഗ്ധരും ആഗോള മാധ്യമങ്ങളും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് സെനറ്റര്‍മാര്‍ ചൂണ്ടിക്കാട്ടി.