ഭക്ഷണം കുപ്പികളില്‍ നിറച്ച് കടലില്‍ എറിഞ്ഞ് ഈജിപ്തുകാര്‍; ഗസയില്‍ എത്തുമെന്ന് പ്രതീക്ഷ(VIDEO)

Update: 2025-07-24 12:49 GMT

കെയ്‌റോ: ഇസ്രായേല്‍ പട്ടിണിക്കിട്ടിരിക്കുന്ന ഫലസ്തീനികള്‍ക്ക് വേണ്ടി ഭക്ഷ്യവസ്തുക്കള്‍ കുപ്പികളില്‍ നിറച്ച് കടലില്‍ എറിഞ്ഞ് ഈജിപ്തുകാര്‍. കുപ്പികള്‍ കടലിലൂടെ സഞ്ചരിച്ച് ഗസ തീരത്ത് എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. മെഡിറ്ററേനിയന്‍ കടല്‍തീരത്ത് നിരവധി ഈജിപ്തുകാര്‍ ഭക്ഷണവുമായി എത്തുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഗസയിലെ പട്ടിണിയുടെയും പട്ടിണി മരണങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് ഫ്രം സീ ടു സീ- എ ബോട്ടില്‍ ഫോര്‍ ഹോപ്പ് ഫോര്‍ ഗസ എന്ന പേരില്‍ ഭക്ഷ്യവസ്തുക്കള്‍ കടലില്‍ ഇടുന്നത്.

ഒന്നോ രണ്ടോ ലിറ്ററുള്ള കുപ്പികളില്‍ ധാന്യങ്ങളും അരിയും പരിപ്പും മറ്റു ഡ്രൈഫ്രൂട്ട്‌സുമാണ് നിറയ്ക്കുന്നത്. അവയെ മെഡിറ്ററേനിയല്‍ കടലില്‍ ഇടും. ഗസയുടെ തീരത്ത് അവ അടിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്ത്, ഗസയുമായി അതിര്‍ത്തിപങ്കിടുന്നുണ്ടെങ്കില്‍ അധിനിവേശം നടത്തുന്ന ഇസ്രായേല്‍ സൈനയം അതിര്‍ത്തി പോസ്റ്റ് പൂട്ടിയിട്ടിരിക്കുകയാണ്. ഗസയിലേക്ക് കടക്കാന്‍ വേണ്ടി 950 ലോറികള്‍ ഭക്ഷ്യവസ്തുക്കളുമായി കാത്തുനില്‍ക്കുന്നുണ്ട്. മെഡിറ്ററേനിയന്‍ തീരത്തുള്ള ലിബിയ, ടുണീഷ്യ, അള്‍ജീരിയ, മൊറോക്കോ എന്നീ രാജ്യങ്ങളിലുള്ളവരും കുപ്പിയിലും പെട്ടികളിലും ഭക്ഷണം വിടുന്നുണ്ട്.

ജപ്പാനില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഈജിപ്ഷ്യന്‍ എഞ്ചിനീയറാണ് ഈ ആശയം മുന്നോട്ടുവച്ചത്. ഗസയില്‍ ഉപരോധം തുടരുമ്പോള്‍ ഗസയില്‍ സഹായം എത്തിക്കാന്‍ സാധാരണക്കാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന മാര്‍ഗമായാണ് ഇത് ശുപാര്‍ശ ചെയ്യപ്പെട്ടത്. 25 ലിറ്റര്‍ പ്ലാസ്റ്റിക് കാനില്‍ എട്ടു കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ നിറയ്ക്കാമെന്ന് എഞ്ചിനീയര്‍ പറഞ്ഞു. അതില്‍ കൂടുതല്‍ നിറച്ചാല്‍ കാന്‍ മുങ്ങിപ്പോവാന്‍ സാധ്യതയുണ്ട്. തീരത്ത് നിന്ന് അകദേശം നാലു കിലോമീറ്റര്‍ അകലെ വേണം കാനുകള്‍ ഇടാന്‍. 60 ഡിഗ്രി വടക്കുകിഴക്കായി വേണം ഇടാന്‍. എന്നാല്‍, മാത്രമേ ഒഴുക്കിനെ മറികടന്ന് അവ ഗസയില്‍ എത്തൂ. പോര്‍ട് സെയ്ദില്‍ നിന്നോ ദമിയേത്രയില്‍ നിന്നോ കാനുകള്‍ കടലില്‍ ഇട്ടാല്‍ ഏകദേശം 72-96 മണിക്കൂറില്‍ അവ ഗസയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍.