ഫലസ്തീനികളെ കുടിയിറക്കാനാവില്ലെന്ന് ഈജിപ്തും ജോര്‍ദാനും.

Update: 2025-01-27 04:06 GMT

കെയ്‌റോ: ഗസയിലെ ഫലസ്തീനികളെ സ്വീകരിക്കാന്‍ തയ്യാറാവണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് ഈജിപ്തും ജോര്‍ദാനും. ബലം പ്രയോഗിച്ചോ പ്രേരിപ്പിച്ചോ ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിന് എതിരാണെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

'' ഫലസ്തീനികളുടെ അവകാശങ്ങളുടെ ഏതൊരു ലംഘനത്തെയും ഈജിപ്ത് എതിര്‍ക്കുന്നു. ഫലസ്തീനികളെ കുടിയൊഴിപ്പിക്കല്‍, അവരുടെ ഭൂമി പിടിച്ചെടുക്കല്‍ എന്നിവക്ക് എല്ലാം എതിരാണ്. പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാക്കാന്‍ യുഎസുമായി സഹകരിക്കും എന്നാല്‍, ഫലസ്തീനികള്‍ അവരുടെ മണ്ണില്‍ തന്നെ തുടരുകയും വേണം''-പ്രസ്താവന പറയുന്നു.

ഫലസ്തീന്‍ പ്രശ്‌നത്തിന്റെ പരിഹാരം ഫലസ്തീന്‍ മണ്ണിലാണെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ അല്‍ സഫാദി പറഞ്ഞു. ജോര്‍ദാന്‍ ജോര്‍ദാന്‍കാര്‍ക്കുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ജോര്‍ദാനിലെ ഒരു കോടിയോളം വരുന്ന ജനസംഖ്യയുടെ വലിയൊരു ഭാഗം ഫലസ്തീനികളാണ്. 1948ല്‍ ജൂതന്‍മാര്‍ ആക്രമിച്ച് ഫലസ്തീനില്‍ നിന്ന് ഓടിച്ചവരുടെ പിന്‍ഗാമികളാണ് ഇവരെല്ലാം.