വിദ്യാഭ്യാസകലണ്ടര്‍ പുറത്തിറക്കി സര്‍ക്കാര്‍; ഹൈസ്‌കൂളില്‍ 1,200 മണിക്കൂര്‍ ഉറപ്പാക്കും
തിരുവനന്തപുരം: ഹൈക്കോടതി രൂക്ഷവിമര്‍ശനത്തിന് പിന്നാലെ പുതിയ അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഹൈസ്‌കൂള്‍ ക്ലാസുകള്‍ അരമണിക്കൂര്‍ കൂട്ടും. യുപിയില്‍ രണ്ട് ശനിയാഴ്ചയും ഹൈസ്‌കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തിദിനമാക്കും. എല്‍പി ക്ലാസുകാര്‍ക്ക് ഇത്തവണ അധികശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കില്ല. എല്‍പിയില്‍ 800 മണിക്കൂര്‍ അധ്യയനസമയം ഇപ്പോള്‍ത്തന്നെ ഉള്ളതിനാലാണ് അധിക ശനിയാഴ്ച ഒഴിവാക്കിയത്.
ഹൈസ്‌കൂളില്‍ 1200 മണിക്കൂര്‍ ഉറപ്പാക്കാന്‍ ആറ് അധിക ശനിയാഴ്ചയും ദിവസം അരമണിക്കൂര്‍ ക്ലാസ് സമയം കൂട്ടാനും തീരുമാനിച്ചു. അരമണിക്കൂര്‍ അധിക ക്ലാസ് വെള്ളിയാഴ്ച ഉണ്ടാവില്ല. യുപിയില്‍ 1000 മണിക്കൂര്‍ അധ്യയനസമയം ഉറപ്പാക്കാനാണ് രണ്ട് അധിക ശനിയാഴ്ചകള്‍. ആഴ്ചയില്‍ തുടര്‍ച്ചയായി ആറ് പ്രവൃത്തിദിനം വരാത്തതരത്തിലാവും ശനിയാഴ്ചത്തെ ക്ലാസുകള്‍. കലണ്ടര്‍ തീരുമാനിച്ചത് ഹൈക്കോടതിയെ അറിയിക്കും.