പിണറായി വിജയന്റെ മകന് ഇഡി സമന്‍സ് അയച്ചത് 'ലാവ്‌ലിന്‍' കേസില്‍

Update: 2025-10-13 07:26 GMT

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇഡി നോട്ടിസ് അയച്ചത് ലാവ്‌ലിന്‍ കമ്പനിയുമായുള്ള ഇടപാടിന്റെ പേരിലെന്ന് റിപോര്‍ട്ട്. വിവേക് കിരണിന് യുകെയില്‍ പഠിക്കാനുള്ള പണം നല്‍കിയത് ലാവ്‌ലിന്‍ കമ്പനിയുടെ ഡയറക്ടറായിരുന്ന ദിലീപ് രാഹുലനാണെന്ന് ഇഡിക്ക് ഒരു മൊഴി ലഭിച്ചു. തുടര്‍ന്നാണ് സമന്‍സ് അയച്ചത്. 2023 ഫെബ്രുവരി പതിനാലിന് കൊച്ചിയിലെ ഓഫിസില്‍ എത്താനായിരുന്നു നിര്‍ദേശം. എന്നാല്‍, ഇതില്‍ തുടര്‍നടപടികളുണ്ടായില്ല.

ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി. ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവ്‌ലിന്‍ കേസിന് കാരണം. കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് പ്രധാന ആരോപണം.

1995 ആഗസ്റ്റ് 10ാം തീയതി യുഡിഎഫ് സര്‍ക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി കാര്‍ത്തികേയനാണ് എസ്എന്‍സി ലാവ്‌ലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. കമ്പനിയുമായി അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ കെ നായനാര്‍ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു. 2005 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ സിഎജി റിപ്പോര്‍ട്ടിലാണ് അഴിമതിയുടെ സൂചന നല്‍കിയത്. ആരോപണം അന്വേഷിക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. 2009ല്‍ സിബിഐ കുറ്റപത്രം നല്‍കി. പിണറായി വിജയനെ ഒമ്പതാം പ്രതിയാക്കിയായിരുന്നു കുറ്റപത്രം. പിന്നീട് അദ്ദേഹം അടക്കമുള്ളവരെ കോടതി കുറ്റവിമുക്തരാക്കി. അതിനെതിരെയുള്ള സിബിഐയുടെ അപ്പീല്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

എന്നാല്‍, 2020ല്‍ ഇഡി ഒരു ക്രിമിനല്‍ കംപ്ലയിന്റ് രജിസ്റ്റര്‍ ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമായിരുന്നു ഈ കേസ്. അതിലാണ് നിരവധി പേരുടെ മൊഴിയെടുത്തത്. അതില്‍ ഒരു മൊഴിയില്‍ 1995ല്‍ ജി കാര്‍ത്തികേയനും 1996ല്‍ പിണറായി വിജയനും ദിലീപ് രാഹുലന്‍ പണം നല്‍കിയെന്ന് ആരോപിക്കുന്നു. പിണറായി വിജയന്റെ മകന് യുകെയില്‍ പഠനചെലവ് നല്‍കിയതായും മൊഴി ആരോപിക്കുന്നു. ലാവ്‌ലിന്‍ കമ്പനിയുമായി സര്‍ക്കാര്‍ ഒപ്പിടുന്ന കാലത്ത് അതിന്റെ സാക്ഷിയായിരുന്നു ദിലീപ് രാഹുലന്‍.