''കൊടകരയിലെ കുഴല്‍പ്പണം ബിജെപിക്കുള്ളതല്ല''; കെ സുരേന്ദ്രനെയും സംഘത്തേയും നിരപരാധികളാക്കി ഇഡി

Update: 2025-03-25 12:52 GMT

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം നല്‍കി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രചാരണത്തിന് ഉപയോഗിക്കാന്‍ കര്‍ണാടകയില്‍ നിന്നും പണം കൊണ്ടുവന്നുവെന്ന കേരള പോലിസിന്റെ കണ്ടെത്തല്‍ തള്ളിയാണ് ഇഡിയുടെ കുറ്റപത്രം. പണം എത്തിച്ചത് ബിസിനസ് ആവശ്യങ്ങള്‍ക്കാണെന്ന് കലൂര്‍ പിഎംഎല്‍എ കോടതിയില്‍ നല്‍കിയ കുറ്റപത്രം പറയുന്നു. കേസില്‍ ഇനി തുടരന്വേഷണം ആവശ്യമില്ലെന്നും ഇഡി പ്രഖ്യാപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2021 ഏപ്രില്‍ നാലിന് പുലര്‍ച്ചെ 4.40ന് ആണ് കൊടകരയില്‍ വ്യാജ അപകടം ഉണ്ടാക്കി മൂന്നരക്കോടി രൂപ കവര്‍ന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പോലിസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കര്‍ണാടകയില്‍ നിന്നുമെത്തിയ പണം ബിജെപിക്കുള്ളതാണെന്നും പോലിസ് കണ്ടെത്തി. കേസില്‍ 23 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

കൂടാതെ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിനിടെ ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് രംഗത്തെത്തി. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷിന്റെ വെളിപ്പെടുത്തല്‍. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് പറഞ്ഞിരുന്നു. എന്നാല്‍ സതീഷിന്റെ ആരോപണങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ കെ സുരേന്ദ്രന്‍ തള്ളിയിരുന്നു. സുരേന്ദ്രന്റെ നിലപാടുകള്‍ അംഗീകരിക്കുന്ന റിപോര്‍ട്ടാണ് ഇഡി ഇപ്പോള്‍ കോടതിയില്‍ നല്‍കിയിരിക്കുന്നത്.

ഹൈവേ കവര്‍ച്ചയ്ക്കു ശേഷമുള്ള കള്ളപ്പണ ഇടപാടാണ് തങ്ങള്‍ അന്വേഷിച്ചതെന്നാണ് ഇക്കാര്യത്തില്‍ ഇഡിയുടെ ന്യായവാദം. ധര്‍മരാജന്‍ ആലപ്പുഴയില്‍ ഭൂമി വാങ്ങാന്‍ കൊണ്ടുപോയ മൂന്നരക്കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടത് എന്നാണ് ഇഡി ഇതിന്റെ ഉത്ഭവത്തെ സംബന്ധിച്ച് വിശദീകരിക്കുന്നത്. ഇത് ബിജെപിക്ക് വന്ന തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന വാദത്തില്‍ അന്വേഷണമോ അത്തരത്തിലൊരു കണ്ടെത്തലോ ഇഡി നടത്തിയിട്ടില്ല. മറിച്ച് ധര്‍മരാജന്‍ ഇതിന്റെ ഉത്ഭവം വെളിപ്പെടുത്തിയിട്ടുണ്ട് എന്നത് മാത്രമാണ് ഇഡി കുറ്റപത്രത്തിലുള്ളത്.

ആലപ്പുഴയിലുള്ള തിരുവിതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുവേണ്ടി ഡ്രൈവര്‍ ഷംജീറിന്റെ കൈവശം ധര്‍മരാജന്‍ കൊടുത്തുവിട്ട 3.56 കോടി രൂപയാണ് കൊടകരയില്‍വെച്ച് കൊള്ളയടിക്കപ്പെട്ടത് എന്നതാണ് ഇഡി കുറ്റപത്രം. എന്നാല്‍ ഇത്തരത്തില്‍ ഭൂമിയിടപാട് സംബന്ധിച്ചൊരു കണ്ടെത്തല്‍ ഇതേക്കുറിച്ച് അന്വേഷിച്ച പോലീസ് നടത്തിയിരുന്നില്ല. ബിജെപിക്ക് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനുവേണ്ടി കൊണ്ടുവന്ന പണമാണ് കൊടകരയില്‍വെച്ച് കൊള്ളയടിക്കപ്പെട്ടത് എന്നാണ് പോലീസ് കുറ്റപത്രത്തിലുള്ളത്. പല മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം സമര്‍ഥിച്ചത്.