കൊടകര കുഴല്‍പ്പണ കേസ് അന്വേഷിച്ചത് കൈക്കൂലി കേസിലെ ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന്റെ യൂണിറ്റ്
കൊച്ചി: വിദേശ നാണ്യ വിനിമയ ചട്ട പ്രകാരമുള്ള കേസ് ഒതുക്കിതീര്‍ക്കാന്‍ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലെ ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍ ബിജെപിയുടെ കൊടകര കുഴല്‍പ്പണ ഇടപാട് അന്വേഷിച്ച യൂണിറ്റിലെ അംഗം. ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള ഇഡിയുടെ മൂന്നാം യൂണിറ്റാണ് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിച്ചത്. ഇതേ യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടറാണ് വിജിലന്‍സ് ഒന്നാം പ്രതിയാക്കിയിരിക്കുന്ന ശേഖര്‍ കുമാര്‍. ബിജെപി ബന്ധങ്ങളിലേക്ക് പോകാതെ കേസ് ഇഡി അട്ടിമറിച്ചെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.
കേസ് ഇല്ലാതാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് തന്നെ സമീപിച്ച ഇഡി ഏജന്റ് രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷിനെ ഇഡി ഓഫീസിനുള്ളില്‍ കണ്ടിട്ടുണ്ടെന്ന് കൊട്ടാരക്കരയിലെ വ്യവസായിയായ അനീഷ് ബാബു വെളിപ്പെടുത്തി. കേസ് ഒത്തുതീര്‍പ്പാക്കി രേഖ തരുന്നത് ഡല്‍ഹിയില്‍നിന്ന് ഇഡി ഡയറക്ടറാണെന്ന് ഏജന്റുമാര്‍ ഉറപ്പു നല്‍കിയെന്നും അനീഷ് ബാബു പറഞ്ഞു.
കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ അനീഷിന് ആദ്യ ഇഡി സമന്‍സ് ലഭിക്കുന്നത് മൂന്നുവര്‍ഷം മുമ്പാണ്. അന്ന് അഭിഭാഷകന്‍ മുഖേന മറുപടി നല്‍കി. ഒരുവര്‍ഷം മുന്‍പാണ് തമിഴ്‌നാട് തൂത്തുക്കുടി കേന്ദ്രമാക്കി ബിസിനസ് തുടങ്ങുകയും കുടുംബത്തോടൊപ്പം താമസം അങ്ങോട്ടേക്കു മാറ്റുകയും ചെയ്തത്. ഇതിനുശേഷമാണ് 2024 ഡിസംബറില്‍ വീണ്ടും ഇഡി സമന്‍സ് വരുന്നത്. ഫെബ്രുവരിയില്‍ ഇഡി ഓഫിസില്‍ ഹാജരായി.
ടാന്‍സാനിയയില്‍ അനീഷ് ബാബു മാനേജിങ് ഡയറക്ടറായി സതേണ്‍ ട്രേഡ് ലിമിറ്റഡ് എന്ന കശുവണ്ടി വ്യവസായ കമ്പനിയുണ്ട്. ഈ കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനാണ് ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖര്‍ കുമാര്‍ ആവശ്യപ്പെട്ടതെന്ന് അനീഷ് പറഞ്ഞു. എട്ടുവര്‍ഷമായി താന്‍ ടാന്‍സാനിയയിലേക്ക് പോയിട്ടില്ല. ആ രേഖകള്‍ ഹാജരാക്കണമെങ്കില്‍ അവിടെ പോയി എടുക്കണമെന്നും അല്ലെങ്കില്‍ എംബസി വഴി ഇഡിക്ക് അത് നേടിയെടുക്കാമെന്നും മറുപടി നല്‍കി. ഇതിനായി മൂന്നുതവണ ഇഡി ഓഫീസില്‍ ഹാജരായെന്ന് അനീഷ് ബാബു പറഞ്ഞു. ഒടുവില്‍ ഹാജരായപ്പോള്‍ 14 ദിവസത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കണം ഇല്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്ന് പറഞ്ഞു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി അനീഷ് ഹൈക്കോടതിയെയും പിന്നീട് സുപ്രിംകോടതിയെയും സമീപിക്കുകയായിരുന്നു. അറസ്റ്റ് നടപടികള്‍ ഉണ്ടാവുകയാണെങ്കില്‍ 14 ദിവസംമുന്നേ നോട്ടീസ് നല്‍കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. ഈ ഘട്ടത്തിലാണ് ഇഡി ഏജന്റ് ആണെന്ന് പരിചയപ്പെടുത്തി തമ്മനം സ്വദേശി വില്‍സണ്‍ വിളിക്കുന്നതും കേസ് ഒത്തുതീര്‍പ്പാക്കാന്‍ രണ്ടുകോടി നല്‍കിയാല്‍ മതിയെന്നു പറയുന്നതും. ഇതേതുടര്‍ന്നാണ് അനീഷ് ബാബു വിജിലന്‍സിനെ സമീപിച്ചത്.

