ഇഡിയുടെ സമന്‍സ് വിവരങ്ങള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടില്‍ കണ്ടെത്തി; ഭീഷണിപ്പെടുത്തേണ്ടവരുടെ പട്ടികയും പിടിച്ചെടുത്തു
കൊച്ചി: ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഒന്നാം പ്രതിയായ കേസില്‍ അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടില്‍ നിന്നും ഇഡിയുടെ നിര്‍ണായകമായ രേഖകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ രഞ്ജിത് വാര്യരുടെ വീട്ടില്‍ നിന്നാണ് ഇഡി ഓഫിസില്‍ നിന്നും അനുമതിയില്ലാതെ പുറത്തുപോവാന്‍ പാടില്ലാത്ത രേഖകള്‍ വിജിലന്‍സിന് കിട്ടിയത്. ഇഡി സമന്‍സ് നല്‍കി വിളിപ്പിച്ച 30ലേറെ പേരുടെ വിവരങ്ങള്‍ രഞ്ജിത്തിന്റെ ഡയറിയിലുണ്ട്. കൈക്കൂലി ആവശ്യപ്പെടാനായി തയാറാക്കി വെച്ച പട്ടികയാണിത്. ഇഡി ഓഫിസില്‍ നിന്നും നല്‍കുന്ന വിവരങ്ങളും രേഖകളുമാണ് രഞ്ജിത് ഉപയോഗിച്ചിരുന്നത്. കൂടാതെ പണം കിട്ടാവുന്ന ബിസിനസുകാരുടെ വിവരങ്ങള്‍ ഇഡിക്ക് കൈമാറുകയും ചെയ്തു.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പല ബിസിനസുകാര്‍ക്കും സമന്‍സ് അയച്ചത്. രഞ്ജിത് ഇഡി ഓഫിസിലെ നിത്യസന്ദര്‍ശകനാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള ഉന്നത ഇഡി ഉദ്യോഗസ്ഥരുമായും രഞ്ജിത്തിന് അടുത്ത സൗഹൃദമുണ്ട്. ഇതെല്ലാം ഉപയോഗിച്ച് നിരവധി കേസുകള്‍ ഒത്തുതീര്‍പ്പാക്കിയിട്ടുണ്ടാവാമെന്നും കള്ളക്കേസുകള്‍ കെട്ടിചമച്ചിട്ടുണ്ടാവാമെന്നുമാണ് വിജിലന്‍സ് വിലയിരുത്തുന്നത്. ബിജെപിയുമായി ബന്ധമുള്ള കൊടകര കുഴല്‍പ്പണക്കേസില്‍ ഇഡി ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ കള്ളക്കേസുകള്‍ കെട്ടിച്ചമച്ചോ എന്ന കാര്യം പരിശോധിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
