കണ്ണില്‍ കാണുന്നതെല്ലാം അന്വേഷിക്കാന്‍ ഇഡി സൂപ്പര്‍ കോപ്പല്ല: മദ്രാസ് ഹൈക്കോടതി
ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ട കുറ്റകൃത്യം നടന്നെന്ന് കണ്ടെത്തിയാല്‍ മാത്രമേ ഇഡിക്ക് നടപടിയെടുക്കാന്‍ സാധിക്കൂയെന്നും സ്വന്തമായി അന്വേഷണം നടത്താനാവില്ലെന്നും ജസ്റ്റിസുമാരായ എം എസ് രമേശും വി ലക്ഷ്മിനാരായണനും പറഞ്ഞു.
'' ശ്രദ്ധയില്‍ പെടുന്നതെല്ലാം അന്വേഷിക്കാന്‍ ഇഡി സൂപ്പര്‍ പോലിസല്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ക്രിമിനല്‍ പ്രവര്‍ത്തനവും ആ പ്രവര്‍ത്തനം മൂലമുള്ള പണ സമ്പാദനവുമുണ്ടെങ്കിലും മാത്രമേ ഇഡിക്ക് ഇടപെടാന്‍ സാധിക്കൂ.''-കോടതി വ്യക്തമാക്കി.
നിയമപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നതിന് അതിന്റേതായ രീതികളുണ്ട്. അത് അങ്ങനെ തന്നെ ചെയ്യണം. പിഎംഎല്‍എ പ്രകാരമുള്ള കുറ്റകൃത്യം നടന്നിട്ടില്ലെങ്കില്‍ ഇഡിക്ക് ഇടപെടാന്‍ അധികാരമില്ല. ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഇഷ്ടാനുസരണം ഇടപെടാന്‍ ഇഡി അലഞ്ഞുതിരിയുന്ന ആയുധമോ ഡ്രോണോ അല്ല.
ഏതെങ്കിലും അന്വേഷണത്തിനിടയില്‍ പിഎംഎല്‍എ പ്രകാരമല്ലാത്ത മറ്റേതെങ്കിലും കുറ്റകൃത്യം കണ്ടെത്തിയാല്‍ അവ അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ല. അത്തരം കുറ്റകൃത്യങ്ങളെ കുറിച്ച് അവ അന്വേഷിക്കേണ്ട ഏജന്‍സികളെ അറിയിക്കണം. ആ ഏജന്‍സികള്‍ അന്വേഷിച്ചില്ലെന്നു പറഞ്ഞ് ഇഡി അവ അന്വേഷിക്കരുതെന്നും കോടതി പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ഇഡി നടപടിക്കെതിരേ ആര്‍കെഎം പവര്‍ജെന്‍ പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.
