ഇഡി കേസ് ഒതുക്കാന്‍ രണ്ടു കോടി ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി മറ്റൊരു വ്യവസായി

Update: 2025-05-17 14:15 GMT
ഇഡി കേസ് ഒതുക്കാന്‍ രണ്ടു കോടി ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി മറ്റൊരു വ്യവസായി

കൊല്ലം: ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ രണ്ടു കോടി രൂപ കൈക്കൂലി ചോദിച്ചതില്‍ മൂന്നു പേര്‍ അറസ്റ്റിലായതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. 2016ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസ് രണ്ടു കോടി രൂപ നല്‍കിയാല്‍ ഒതുക്കാമെന്ന് പറഞ്ഞ് ഇഡി ഏജന്റുമാര്‍ സമീപിച്ചതായി കൊല്ലം കടപ്പാക്കട സ്വദേശിയായ ജയിംസ് ജോര്‍ജ് വെളിപ്പെടുത്തി. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോഡേണ്‍ ഗ്രൂപ്പ് സ്ഥാപനത്തിന്റെ ചെയര്‍മാനാണ് ജയിംസ് ജോര്‍ജ്.

കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച ഇഡി ഏജന്റുമാരായ എറണാകുളം തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് എന്നിവരെയാണ് ഇന്നലെ വിജിലന്‍സ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെ ഇഡി കൊച്ചി ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ കേസില്‍ ഒന്നാംപ്രതിയാക്കി. ശേഖര്‍ കുമാറും വില്‍സണും ഗൂഢാലോചന നടത്തിയാണ് തട്ടിപ്പിന് കളമൊരുക്കിയതെന്ന് വിജിലന്‍സ് കണ്ടെത്തി. വില്‍സന്റെ മൊഴിയും ഫോണ്‍ രേഖകളും നിര്‍ണായകമായി.

Similar News