ഇഡി ഓഫീസ് കേന്ദ്രീകരിച്ച് നടന്നത് വന്‍ തട്ടിപ്പ്; വിജിലന്‍സില്‍ പരാതിപ്രളയം
കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ അഴിമതിക്കേസില്‍ അറസ്റ്റിലായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത് ആര്‍ വാര്യര്‍ ഇടപെട്ട വിദേശ നാണ്യ ചട്ട ലംഘനക്കേസുകള്‍ വിശദമായി പരിശോധിക്കുമെന്ന് വിജിലന്‍സ്. ഇഡി ഓഫീസ് സ്ഥിരമായി സന്ദര്‍ശിച്ചിരുന്ന ഇയാള്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇഡി ഏജന്റുമാരായ വില്‍സണ്‍ വര്‍ഗീസ്, മുകേഷ് എന്നിവരെ നിയന്ത്രിച്ചിരുന്നത് രഞ്ജിത് ആര്‍ വാര്യര്‍ ആണെന്നാണ് സൂചന. ബിസിനസുകാര്‍ക്ക് നോട്ടിസ് നല്‍കി വിളിച്ചുവരുത്തുമ്പോള്‍ അതിന്റെ വിവരങ്ങള്‍ ഇഡി ഉദ്യോഗസ്ഥര്‍ രഞ്ജിത്തിനെ അറിയിക്കും. രഞ്ജിത് ഇക്കാര്യം വില്‍സണ്‍ വര്‍ഗീസിനെയും മുകേഷിനെയും അറിയിക്കും. അങ്ങനെയാണ് ബിസിനസുകാരുമായി ഇരുവരും ബന്ധപ്പെടുക.
മൂന്നുപേരെയും നിലവില്‍ വിജിലന്‍സ് ഓഫിസില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പണമിടപാടിലും അഴിമതിയിലും കൂടുതല്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് വിജിലന്‍സ് കരുതുന്നത്. അതേസമയം, കൈക്കൂലിയില്‍ ഇഡി ഉദ്യോഗസ്ഥരുടെ പങ്കുവെളിപ്പെട്ടതോടെ നിരവധി പേരാണ് പരാതിയുമായി വിജിലന്‍സില്‍ എത്തുന്നത്. പരാതിക്കാര്‍ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും വിജിലന്‍സ് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഇതോടെ കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പും ഔദ്യോഗിക പദവി ദുരുപയോഗവും പുറത്തുകൊണ്ടുവരാനാവുമെന്നാണ് വിജിലന്‍സും കരുതുന്നത്.
കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് നല്‍കിയ പരാതിയിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ തന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചെന്നും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അനീഷ് വെളിപ്പെടുത്തിയിട്ടുണ്ട്. ക്യാബിനിലുണ്ടായിരുന്ന മലയാളി ഉദ്യോഗസ്ഥനായ രാധാകൃഷ്ണനാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും അനീഷ് പറഞ്ഞു.
എന്നാല്‍, കൈക്കൂലി കേസ് നാണക്കേടായതോടെ ഇഡി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതായും സൂചനയുണ്ട്.
