കൊച്ചി: ഇഡി കേസ് ഒഴിവാക്കാന്‍ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കി. കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയുടെ പരാതിയില്‍ എടുത്ത കേസിലാണ് നടപടിയെന്നും കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും എറണാകുളം വിജിലന്‍സ് സൂപ്രണ്ട് എസ് ശശിധരന്‍ വ്യക്തമാക്കി. ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കിയാണു കോടതിയില്‍ വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായെങ്കിലും ഇഡി ഉദ്യോാഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇഡി കേസ് ഒഴിവാക്കുന്നതിന് കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയില്‍നിന്ന് രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വ്യാഴാഴ്ച രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. എറണാകുളം തമ്മനം സ്വദേശി വില്‍സന്‍, രാജസ്ഥാന്‍ സ്വദേശി മുകേഷ് കുമാര്‍ എന്നിവരായിരുന്നു അറസ്റ്റിലായത്. എന്നാല്‍ മൂവാറ്റുപുഴ വിജിലന്‍സ് പ്രത്യേക കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇഡി അസി. ഡയറക്ടറെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാവും.
ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് ആർ വാര്യർ ആണ് കൈക്കൂലി കേസിലെ പ്രധാന കണ്ണിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇയാൾക്കാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടറുമായി അടുത്ത ബന്ധമുള്ളത്. ഇയാളുടെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നവരാണ് പിടിയിലായ വിൽസൺ, മുരളി മുകേഷ് എന്നിവർ എന്നുമാണ് വിവരം. രഞ്ജിത്ത് ആർ വാര്യരുടെ മൊബൈൽ ഫോണുകളടക്കം വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധന നടത്തുന്നതോടെ ഇയാൾക്കെതിരായ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.നേരത്തേയും ഇ.ഡി. ഓഫീസുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു ഇ.ഡി. ഉദ്യോഗസ്ഥർ എന്നാണ് വിവരം.
