ക്യുറ്റോ: രാജ്യത്ത് യുഎസ് സൈനികതാവളങ്ങള്‍ തിരികെ കൊണ്ടുവരരുതെന്ന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഈക്വഡോറിലെ ജനങ്ങള്‍. ഹിതപരിശോധനയിലാണ് ജനങ്ങള്‍ നിലപാട് അറിയിച്ചത്. ഈക്വഡോറിലെ ഏകദേശം 60 ശതമാനം ജനങ്ങളും യുഎസ് സൈനികതാവളത്തിന് എതിരായാണ് വോട്ടുചെയ്തത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വലംകൈയ്യായി അറിയപ്പെടുന്ന ഈക്വഡോര്‍ പ്രസിഡന്റ് ഡാനിയല്‍ നൊബോവയാണ് യുഎസ് സൈനികതാവളങ്ങള്‍ കൊണ്ടുവരാന്‍ ശുപാര്‍ശ ചെയ്തത്. രാജ്യത്തെ ക്രമസമാധാനം ശക്തമാക്കാന്‍ യുഎസ് സൈനികസാന്നിധ്യം സഹായിക്കുമെന്നാണ് പ്രസിഡന്റ് പ്രചരിപ്പിച്ചത്. എന്നാല്‍, 2008ല്‍ വിദേശ സൈനികതാവളങ്ങള്‍ വേണ്ടെന്നുവച്ചതിനാല്‍ ഹിതപരിശോധന നിര്‍ബന്ധമായി. ഹിതപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പസിഫിക് തീരത്തെ മന്ദാര വ്യോമതാവളം ഇനി യുഎസിന് ഉപയോഗിക്കാന്‍ കഴിയില്ല.
1994ല്‍ ഹെയ്ത്തിയില്‍ അധിനിവേശം നടത്തിയതിന് സമാനമായ തോതിലാണ് നിലവില്‍ ലാറ്റിന്‍ അമേരിക്കയിലെ യുഎസ് സൈനിക വിന്യാസം. വെനുസ്വേലയിലെ ഇടതുസര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കാനായി നിരവധി പടക്കപ്പലുകളും അന്തര്‍വാഹിനികളും എഫ്-35 യുദ്ധവിമാനങ്ങളും പ്രദേശത്തുണ്ട്. ഏകദേശം പതിനായിരം സൈനികരെയും വിന്യസിച്ചിട്ടുണ്ട്.