ഇ പാസ്‌പോര്‍ട് സേവനം വിപുലീകരിച്ചു

Update: 2025-05-13 11:28 GMT

ന്യൂഡല്‍ഹി: ഇ-പാസ്‌പോര്‍ട്ട് പൂര്‍ണശേഷിയില്‍ അനുവദിക്കാന്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പാസ്‌പോര്‍ട്ട് ഓഫിസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 2024 ഏപ്രില്‍ ഒന്നിന് തുടങ്ങിയ പൈലറ്റ് പദ്ധതിയുടെ വിജയത്തെ തുടര്‍ന്നാണ് നടപടി. ചെന്നൈ, നാഗ്പൂര്‍, ഭുവനേശ്വര്‍, ജമ്മു, ഗോവ, ഷിംല, റായ്പൂര്‍, അമൃത്‌സര്‍, ജയ്പൂര്‍, ഹൈദരാബാദ്, സൂറത്ത്, റാഞ്ചി എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് ഓഫിസുകളിലാണ് ഇപ്പോള്‍ ഈ സൗകര്യമുള്ളത്. ചെന്നൈയില്‍ മാര്‍ച്ച് മൂന്നിന് തുടങ്ങിയതിനെ തുടര്‍ന്ന് മാര്‍ച്ച് 22 വരെ 20700 ഇ പാസ്‌പോര്‍ട്ടുകള്‍ അനുവദിച്ചു. ഈ വര്‍ഷം പകുതിയോടെ രാജ്യത്തെ എല്ലാ ഓഫിസുകളിലും ഈ സംവിധാനം നടപ്പാവുമെന്നാണ് വിവരം.

ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ പാസ്‌പോര്‍ട്ടാണ് ഇ-പാസ്‌പോര്‍ട്ട്. ഒരു ചെറിയ ആര്‍എഫ്‌ഐഡി ചിപ്പും ആന്റിനയും ഈ പാസ്‌പോര്‍ട്ടിലുണ്ടാവും. ഉടമയുടെ വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ ഈ ചിപ്പിലുണ്ടാവും. പാസ്‌പോര്‍ട്ടിന്റെ കവറിലെ ചെറിയ സ്വര്‍ണനിറമുള്ള ചിഹ്നം ഇ പാസ്‌പോര്‍ട്ടിനെ സാധാരണ പാസ്‌പോര്‍ട്ടില്‍ നിന്നും വേര്‍തിരിക്കും. അതിര്‍ത്തികളിലും വിമാനത്താവളങ്ങളിലും ഈ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വെയിറ്റിങ് സമയം കുറയും. സാധാരണ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് അതിന്റെ കാലാവധി കഴിയുന്നതോടെ ഇ-പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം.