നിയമസഭ കൈയാങ്കളി;ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തി,വനിതാ എംഎല്‍എമാരെ കടന്ന് പിടിച്ചു;സംഘര്‍ഷം ഉണ്ടാക്കിയത് യുഡിഎഫെന്ന് ഇ പി ജയരാജന്‍

Update: 2022-09-15 08:42 GMT

കണ്ണൂര്‍: നിയമസഭാ കൈയാങ്കളി കേസില്‍ യുഡിഎഫിനെതിരേ ആരോപണവുമായി ഇ പി ജയരാജന്‍.സംഘര്‍ഷത്തിന് തുടക്കമിട്ടത് യുഡിഎഫാണ്. മന്ത്രി ശിവന്‍കുട്ടിയെ യുഡിഎഫ് അംഗങ്ങള്‍ തല്ലി ബോധം കെടുത്തുകയും, വനിതാ എംഎല്‍എമാരെ കടന്ന് പിടിക്കുകയും ചെയ്തതായി ജയരാജന്‍ ആരോപിച്ചു.

പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായ ആക്രമണങ്ങള്‍ ചെറുക്കുക മാത്രമാണ് അന്ന് ചെയ്തത്.അതിക്രമത്തില്‍നിന്ന് രക്ഷപ്പെടാന്‍ വനിതാ എംഎല്‍എക്ക് ഒരു യുഡിഎഫ് എംഎല്‍എയുടെ കൈ കടിക്കേണ്ടിവന്നു. എന്നാല്‍,അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവര്‍ നടത്തിയ അക്രമത്തിന്റെ ഭാഗങ്ങള്‍ ഒഴിവാക്കിയുള്ള ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചത്. അവരും ഡയസില്‍ കയറിയിട്ടുണ്ട്, അക്രമം നടത്തിയിട്ടുണ്ട്. പക്ഷേ, അതൊക്കെ ഒഴിവാക്കി പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് പുറത്ത് വിട്ടതെന്നും ജയരാജന്‍ പറഞ്ഞു.

നടുത്തളത്തില്‍ സ്പീക്കറുടെ മുന്നില്‍ ഇറങ്ങി സമാധാനപരമായി മുദ്രാവാക്യം വിളിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും,ഇതിനിടെ യുഡിഎഫ് പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും സ്ത്രീ എംഎല്‍എമാരെ അധിക്ഷേപിക്കുകയും ചെയ്ത ഘട്ടത്തിലാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്നും ജയരാജന്‍ പറഞ്ഞു.

ഇടത് എംഎല്‍എമാര്‍ക്കെതിരെ കേസ് എടുത്തത് തികച്ചും ഏകപക്ഷീയമായാണ്. വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായിരുന്നു സംഘര്‍ഷം. ഒന്നാമത്തെ കുറ്റവാളികല്‍ യുഡിഎഫ് എംഎല്‍എമാരും മന്ത്രിമാരുമാണെന്നും അദ്ദേഹം പറഞ്ഞു.കേസ് വീണ്ടും പരിഗണിക്കുന്ന 26ന് ആരോഗ്യനില അനുവദിക്കുകയാണെങ്കില്‍ ഹാജരാകുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.



Tags:    

Similar News