ഡേറ്റിങ് ആപ്പിലെ യുവതിയുടെ സ്വര്‍ണം കവര്‍ന്നു; ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയുടെ ആഭരണവും പണവും കവര്‍ന്ന കേസില്‍ ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍. ഡിണ്ടിഗല്‍ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകന്‍ ധനുഷ് (27) ആണ് റെയ്‌സ് കോഴ്‌സ് പോലിസിന്റെ പിടിയിലായത്. പൊള്ളാച്ചി ജ്യോതിനഗര്‍ സ്വദേശിയും റെയ്‌സ് കോഴ്‌സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25 വയസ്സുകാരിയുടെ ആഭരണങ്ങളാണു പ്രതി കവര്‍ന്നത്.
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ കാണാന്‍ ഇക്കഴിഞ്ഞ 2നു വൈകിട്ടാണ് നവക്കരയിലെ കുളക്കരയില്‍ യുവതി എത്തിയത്. ആപ്പില്‍ തരുണ്‍ എന്ന പേരില്‍ അക്കൗണ്ടുണ്ടാക്കിയ ധനുഷ് യുവതിയെ ഭീഷണിപ്പെടുത്തി 3 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു. മൊബൈല്‍ വഴി 90,000 രൂപയും ട്രാന്‍സ്ഫര്‍ ചെയ്യിച്ച ശേഷം യുവതിയെ താമസിക്കുന്ന രാമനാഥപുരത്തെ ഹോസ്റ്റലിനു മുന്നില്‍ ഇറക്കിവിട്ടു.
രാത്രി 11നു ശേഷം ഹോസ്റ്റലില്‍ പ്രവേശിക്കാനാവില്ലെന്നു യുവതി അറിയിച്ചതോടെ അടുത്തുള്ള ഹോട്ടലില്‍ മുറിയെടുത്തു നല്‍കി. യുവതി സഹോദരിയെ ഫോണില്‍ വിളിക്കുകയും സഹോദരിയെത്തി യുവതിയെ പോലിസ് സ്റ്റേഷനിലെത്തിച്ചു പരാതി നല്‍കുകയുമായിരുന്നു. കോയമ്പത്തൂര്‍ ഈച്ചനാരിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുകയായിരുന്ന ധനുഷ് വരുമാനം കുറഞ്ഞതിനെത്തുടര്‍ന്നാണു വിവാഹിതരായ യുവതികളെ അടക്കം ഡേറ്റിങ് ആപ്പ് വഴി ബന്ധപ്പെട്ടു പണവും ആഭരണവും കൈക്കലാക്കാന്‍ തുടങ്ങിയതെന്നു പോലിസ് ആരോപിച്ചു.