ഇറാനിലെ കലാപം യുഎന്‍ സുരക്ഷാസമിതിയില്‍; യുഎസ് ആഗോള ജഡ്ജിയാവരുതെന്ന് റഷ്യ

Update: 2026-01-16 03:56 GMT

ന്യൂയോര്‍ക്ക്: ഇറാനില്‍ പാശ്ചാത്യ പിന്തുണയോടെ നടക്കുന്ന കലാപത്തില്‍ യുഎന്‍ സുരക്ഷാ സമിതിയില്‍ യുഎസിനെ വിമര്‍ശിച്ച് റഷ്യയും ചൈനയും. വിഷയത്തില്‍ യുഎസ് സര്‍ക്കാര്‍ നടത്തുന്ന പ്രസ്താവനകള്‍ അപകടകരവും നിരുത്തരവാദിത്തപരവുമാണെന്ന് റഷ്യയുടെ സ്ഥിരം പ്രതിനിധി വാസിലി നെബെന്‍സ്യ പറഞ്ഞു. ഇറാന്റെ പരമാധികാരത്തില്‍ വിദേശശക്തികള്‍ കൈകടത്തുകയാണ്. യുഎസ് ഉടന്‍ ഇത്തരം പ്രസ്താവനകള്‍ നിര്‍ത്തണം. തങ്ങള്‍ ആഗോള ജഡ്ജിയാണെന്ന വിശ്വാസം യുഎസ് തിരുത്തണമെന്നും വാസിലി ആവശ്യപ്പെട്ടു. പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ വര്‍ധിക്കുന്നതില്‍ ചൈന ആശങ്ക രേഖപ്പെടുത്തി. ഇറാന്റെ ആഭ്യന്തര വിഷയങ്ങളില്‍ പുറമെക്കാര്‍ ഇടപെടരുതെന്ന് ചൈനീസ് പ്രതിനിധി ആവശ്യപ്പെട്ടു. വൈദേശിക ഇടപെടല്‍ കാട്ടുനീതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


യുഎസിന്റെ ആവശ്യപ്രകാരമാണ് യുഎന്‍ സുരക്ഷാ സമിതി ഇറാന്‍ വിഷയത്തില്‍ പ്രത്യേക യോഗം വിളിച്ചത്. ഇറാനിലെ കലാപകാരികളെ സഹായിക്കാന്‍ എന്തും ചെയ്യുമെന്ന് യുഎസ് പ്രതിനിധി മൈക്ക് വാള്‍ട്‌സ് പറഞ്ഞു. എന്നാല്‍, യുഎന്നെ നാടകശാലയാക്കി മാറ്റുകയാണ് യുഎസ് ചെയ്യുന്നതെന്ന് ഇറാന്‍ പ്രതിനിധി ഗുലാം ഹുസൈന്‍ ഡാര്‍സി പറഞ്ഞു. '' ഇറാന്‍ ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ല. പക്ഷേ, നേരിട്ടോ അല്ലാതെയോ അതിക്രമം നടന്നാല്‍ തത്തുല്യമായ പ്രതികരണമുണ്ടാവും. യുഎന്‍ ചാര്‍ട്ടറിന്റെ 51ാം അനുഛേദം പ്രകാരം തിരിച്ചടിക്കും. ഇതൊരു ഭീഷണിയില്ല, മറിച്ച് നിയമപരമായ യാഥാര്‍ത്ഥ്യമാണ്. ആക്രമണം തുടങ്ങുന്നവര്‍ക്കായിരിക്കും പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം.''-അദ്ദേഹം പറഞ്ഞു. 1953ലെ അട്ടിമറി, ഇറാനെതിരെ യുദ്ധം ചെയ്ത സദ്ദാം ഹുസൈന് നല്‍കിയ പിന്തുണ, 1988ലെ വിമാനം വെടിവച്ചിടല്‍, അടക്കമുള്ള കാര്യങ്ങള്‍ അറിയാവുന്ന ഇറാനിയന്‍ ജനത യുഎസിന്റെ പിന്തുണയില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.