''എന്നെ ദുബൈയ്ക്ക് കൊണ്ടുപോവാന്‍ ദുബൈ രാജകുമാരന്‍ ആഗ്രഹിച്ചു'': കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി (VIDEO)

Update: 2025-09-16 15:18 GMT

ന്യൂഡല്‍ഹി: തന്നെ ആറുമാസത്തേക്ക് ദുബൈയിലേക്ക് വിടണമെന്ന് ദുബൈ രാജകുമാരന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ദുബൈ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ''ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച്ച നടന്നത്. ഞാനും മോദിയും മൂന്നു നാലു മന്ത്രിമാരും ഒരു ടേബിളില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി ഒരു കാര്യം ചെയ്യണമെന്ന് ദുബൈ രാജകുമാരന്‍ ആവശ്യപ്പെട്ടു. എന്താണ് വേണ്ടതെന്ന് മോദി ചോദിച്ചു. നിതിന്‍ ഗഡ്കരിയെ ആറു മാസത്തേക്ക് ദുബൈയിലേക്ക് കയറ്റുമതി ചെയ്യണമെന്ന് രാജകുമാരന്‍ പറഞ്ഞു.''-നിതിന്‍ ഗഡ്കരി പറഞ്ഞു.

പക്ഷേ, എന്തുകൊണ്ട് താന്‍ ദുബൈയ്ക്ക് പോയില്ലെന്ന് നിതിന്‍ ഗഡ്കരി പ്രസംഗത്തില്‍ വെളിപ്പെടുത്തിയില്ല. 2025 ഏപ്രിലിലാണ് ദുബൈ കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മഖ്തൂം ഇന്ത്യ സന്ദര്‍ശിച്ചത്.