വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരന്‍ കസ്റ്റഡിയില്‍; വിമാനത്തിലെ എല്ലാവരും 'ഹര ഹര മഹാദേവ' ചൊല്ലണമെന്നും ആവശ്യം
ന്യൂഡല്‍ഹി: മദ്യപിച്ച് മദോന്‍മത്തനായി വിമാനത്തില്‍ ബഹളമുണ്ടാക്കിയ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗര്‍ക്ക് കൈമാറി. ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനെ കൊല്‍ക്കത്തയില്‍ എത്തിയശേഷമാണ് അധികൃതര്‍ക്ക് കൈമാറിയത്. ക്യാബിന്‍ ക്രൂവിനോടും സഹയാത്രികരോടും ഇയാള്‍ മോശമായി പെരുമാറി.
31ഡി സീറ്റിലിരുന്ന അഭിഭാഷകന്‍ കൂടിയായ യാത്രക്കാരന്‍ മദ്യപിച്ചിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍ വിമാനത്തില്‍ കയറിയതിനുപിന്നാലെ ബാക്കിയുള്ളവര്‍ 'ഹര ഹര മഹാദേവ' എന്നു ചൊല്ലാന്‍ ആവശ്യപ്പെട്ട് ബഹളം വച്ചു. സഹയാത്രികരോടും ജീവനക്കാരോടും ഇയാള്‍ തര്‍ക്കിച്ചു. വിമാനം പറന്നുയര്‍ന്നതിനുപിന്നാലെ ഇയാള്‍ ശീതളപാനീയത്തിന്റെ ഒരു കുപ്പി ഒളിപ്പിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. മദ്യം മണക്കുന്ന ഇയാളെ ജീവനക്കാര്‍ ചോദ്യംചെയ്തതോടെ ആ കുപ്പിയില്‍നിന്ന് ഇയാള്‍ പെട്ടെന്ന് കുടിച്ചു. ഇതോടെ കൊല്‍ക്കത്തയില്‍ വിമാനം ഇറങ്ങിയതിനു പിന്നാലെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറുകയായിരുന്നു.
അതേസമയം, ഹര ഹര മഹാദേവ എന്ന ചോല്ലി ജീവനക്കാരെ അഭിവാദ്യം ചെയ്തതേയുള്ളൂവെന്നാണ് യാത്രക്കാരന്റെ വാദം. മതപരമായ ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും യാത്രയ്ക്കിടയില്‍ മദ്യപിച്ചിരുന്നില്ലെന്നും ഇയാള്‍ പറയുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍നിന്നു വിമാനത്തില്‍ കയറുന്നതിനു മുന്‍പ് ബീയര്‍ കുടിച്ചിരുന്നുവെന്നും അതിന്റെ റെസീറ്റ് കയ്യില്‍ ഉണ്ടെന്നും ഇയാള്‍ വാദിക്കുന്നു. വിമാനക്കമ്പനി ഇയാള്‍ക്കെതിരേ പരാതി നല്‍കി. യാത്രക്കാരന്‍ കമ്പനിക്കെതിരേയും പരാതി നല്‍കി.