യുപിയില്‍ മദ്യപ സംഘം മുസ്‌ലിം കുടുംബത്തെ ആക്രമിച്ചു; ബുര്‍ഖ വലിച്ചു കീറി

Update: 2025-09-23 12:25 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ മദ്യപസംഘം മുസ്‌ലിം കുടുംബത്തെ വഴിയില്‍ വച്ച് ആക്രമിച്ചു. സ്ത്രീകളുടെ ബുര്‍ഖ വലിച്ചു കീറുകയും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹാപൂരിലെ കാല്‍ചിന്നയിലേക്ക് പോവും വഴിയാണ് കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. റോഡരികില്‍ ബഹളം വച്ചിരുന്ന മദ്യപസംഘത്തെ കുടുംബത്തിലെ ചില കുട്ടികള്‍ നോക്കിയതാണ് പ്രകോപനത്തിന് കാരണമായത്. 'മുല്ലകള്‍' എന്തിനാണ് നോക്കുന്നത് എന്ന് ചോദിച്ചായിരുന്നു ആക്രമണം. ഇഷ്ടികകളും ഇരുമ്പുവടികളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. ഒരു അക്രമി ബുര്‍ഖ വലിച്ചുകീറാന്‍ ശ്രമിച്ചതായി കുടുംബത്തിലെ യാസ്മിന്‍ എന്ന പെണ്‍കുട്ടി പറഞ്ഞു. അക്രമം കണ്ട് രക്ഷിക്കാന്‍ എത്തിയവരെയും മദ്യപസംഘം ആക്രമിച്ചു. നാലു പേരെ അറസ്റ്റ് ചെയ്‌തെന്നും അവരെല്ലാം മദ്യപിച്ചിരുന്നതായും പോലിസ് പറഞ്ഞു. സംഭവത്തിന് വര്‍ഗീയ സ്വഭാവമില്ലെന്നും പോലിസ് അവകാശപ്പെട്ടു.